ലോകായുക്ത നിയമഭേദഗതിയിൽ സി പി ഐ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സഭയിൽ വീണ്ടും ലോകായുക്ത ബില്ലെത്തും. സി പി ഐ മുന്നോട്ട് വച്ച നിർദേശങ്ങൾ ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തിയാകും ഇന്ന് സഭയിലെത്തുന്നത്. ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ശേഷം സബ്ജകട് കമ്മിറ്റിക്ക് വിട്ട ബില്ലിൽ ആണ് പിന്നീട് ഭേദഗതിക്ക് തീരുമാനമായിട്ടുള്ളത്. അതേസമയം സബ്ജക്ട് കമ്മിറ്റിയിൽ പ്രതിപക്ഷം ഭേദഗതിയെ ശക്തമായി എതിർത്തു. അതുകൊണ്ടുതന്നെ ഇന്നും സഭയിൽ ചൂടേറിയ ച‍ർച്ചയാകും നടക്കുക എന്നാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ തീരുമാനമെടുക്കാൻ നിയമസഭയെ അധികാരപ്പെടുത്തുന്നതാണ് സി പി ഐ കൊണ്ടുവന്നിരിക്കുന്ന പുതിയ ഭേദഗതി. മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രിക്ക് പുനപരിശോധന നടത്താവുന്നതാണ്. എം എൽ എമാർക്കെതിരെയുള്ള ഉത്തരവുകളിൽ സ്പീക്കർക്കാവും പുനഃപരിശോധന നടത്താൻ അധികാരമുള്ളത്.  ഉദ്യോഗസ്ഥർക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ സർവീസ് ചട്ട പ്രകാരം  സർക്കാർ നടപടി തീരുമാനിക്കും. ജനപ്രതിനിധികൾ അല്ലാത്ത പൊതുപ്രവർത്തകർ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.


പുതിയ ഭേദഗതിയോടെ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ചേരുന്ന നിയമസഭയിൽ വയ്ക്കുമെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷത്തിന്‍റെ വിയോജനക്കുറിപ്പോടെയാണ് സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് സഭയിൽ തിരിച്ചെത്തുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലീം ലീഗ് കക്ഷിനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സബ്ജക്ട് കമ്മിറ്റിയിലെ പ്രതിപക്ഷ പ്രതിനിധികൾ. ജുഡീഷ്യറിയുടെ അധികാരം കവർന്നെടുക്കുന്നതാണ് നിയമഭേദഗതിയെന്ന വിമർശനത്തോടെയാണ് പ്രതിപക്ഷം ബില്ലിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നത്.


വിവാദങ്ങള്‍ക്കിടെ ലോകായുക്ത ബില്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചപ്പോൾ തന്നെ ശക്തമായ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാനുള്ളതാണ് ഭേദഗതിയെന്നാണ് നിയമമന്ത്രി പി രാജീവ് അവതരിപ്പിച്ച ബില്ലിനെക്കുറിച്ച് സതീശൻ വ്യക്തമാക്കിയത്. ജുഡീഷ്യൽ അധികാരത്തെ കവർന്നെടുക്കുന്ന അപ്പലേറ്റ് അതോറീറ്റി ആയി എക്‌സിക്യുറ്റീവ് മാറുന്നു സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമായ ഭേദഗതിയാണ് വരുന്നതെന്നും ജുഡീഷ്യൽ സംവിധാനത്തിന്‍റെ തീരുമാനം എങ്ങിനെ എക്സിക്യൂട്ടീവിന് തള്ളാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഭേദഗതി ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്‍റെ ലംഘനമാണെന്നും സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.