Bevco Home Delivery: മദ്യത്തിന്റെ ഹോം ഡെലിവറി തടഞ്ഞ് സർക്കാർ
സ്വകാര്യ ഭക്ഷണ വിതരണ കമ്പനിയുമായി ചേര്‍ന്ന് മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നീക്കത്തിനാണ് സര്‍ക്കാര്‍ തടയിട്ടത്.
തിരുവനന്തപുരം: മദ്യം വീട്ടുപടിക്കല്‍ എത്തിക്കാനുള്ള ബിവറേജസ് കോര്‍പറേഷന്റെ നീക്കം ഉടൻ നടക്കില്ല. സ്വകാര്യ ഭക്ഷണ വിതരണ കമ്പനിയുമായി ചേര്‍ന്ന് മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നീക്കത്തിനാണ് സര്‍ക്കാര്‍ തടയിട്ടത്.
കൊവിഡ് മഹാമാരി രൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മദ്യശാലകള്‍ പൂട്ടിയതിന് പിന്നാലെയാണ് ഹോം ഡെലിവറി നടത്താനായി ബെവ്‌കോ ശ്രമം നടത്തിയത്. പക്ഷേ ഏതാണ്ട് രണ്ട് മാസം മുമ്പ് തന്നെ മദ്യം വീട്ടുപടിക്കല്‍ എത്തിക്കാനുള്ള പദ്ധതിക്കായി സ്വകാര്യ ഭക്ഷണ വിതരണ കമ്പനിയുമായി ബെവ്‌കോ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.
എന്നാൽ ഇക്കാര്യം സര്‍ക്കാരിനെയോ, എക്‌സൈസ് വകുപ്പിനെയോ അറിയിക്കാതെയുള്ളതായതിനാൽ മന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ കടുത്ത അതൃപ്തിയിലാണ്. മാത്രമല്ല പത്ത് ദിവസത്തിനുള്ളില്‍ മദ്യം ഹോം ഡെലിവറിയായി നല്‍കുമെന്ന വാര്‍ത്തകൂടി വന്നതോടെ എക്‌സൈസ് വകുപ്പ് ഈ നീക്കം തടയുകയായിരുന്നു. സർക്കാർ നിലപാട് അനുസരിച്ച് തല്‍ക്കാലം ഹോം ഡെലിവറി വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം.
കഴിഞ്ഞ ലോക്ക്ഡൗണിന് മുന്നേതന്നെ മദ്യത്തിന്റെ ഹോം ഡെലിവറിയെക്കുറിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ പരിശോധനകള്‍ നടത്തിയിരുന്നു. വിഷയം ഗൗരവതരമായി പരിഗണിച്ചെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് ബെവ്ക്യു ആപ്പ് പദ്ധതി നടപ്പിലാക്കുകയായിരുന്നു. മാത്രമല്ല എക്‌സൈസ് ചട്ടത്തില്‍ പരിഷ്‌കരണം നടത്തിയാല്‍ മാത്രമേ ഹോം ഡെലിവറി സാധ്യമാവുകയുള്ളൂ.
എറണാകുളം, തിരുവനന്തപുരം നഗരങ്ങളില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ ഓര്‍ഡനനുസരിച്ച് വീടുകളിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതുസംബന്ധിച്ച് ബെവ്കോ എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിന് ശുപാർശ നല്‍കാന്‍ തയാറെടുക്കുന്നതിനിടെയാണു മന്ത്രി നിലപാട് വ്യക്തമാക്കിയത്.
Also Read: ജനിതകമാറ്റം വന്ന വൈറസ് കേരളത്തിൽ സജീവം; 10 ജില്ലകളിൽ വ്യാപിച്ചെന്ന് മുന്നറിയിപ്പ്
ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഇത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി തീരുമാനിക്കേണ്ട കാര്യമാണെന്നും മന്ത്രി അറിയിക്കുകയായിരുന്നു. മാത്രമല്ല സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്താനിരിക്കെ മദ്യം വീടുകളില്‍ എത്തിക്കുന്നതിനു അനുമതി നല്‍കാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍.
മദ്യം വീട്ടുപടിക്കല്‍ എത്തിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് എങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമായ മദ്യശാലകള്‍ കൂടുതല്‍ ദിവസം പൂട്ടിയിടാന്‍ ആകില്ലയെന്നത് കൊണ്ടുതന്നെ ഹോം ഡെലിവറി പ്രാവർത്തികമാക്കിയില്ലെങ്കിൽ കര്‍ശന നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ ഉടന്‍ തുറക്കാനും നീക്കമുണ്ടാകും.
അതേസമയം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്തെ ബാറുകളും ബിവറേജ് ഔട്ട് ലെറ്റുകളും തുറന്നു പ്രവർത്തിക്കുന്നതല്ലയെന്ന ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഈ ഉത്തരവ് ചീഫ് സെക്രട്ടറി വി പി ജോയി ആണ് പുറത്തിറക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...