Bribery Case: പുഴുങ്ങിയ മുട്ട, ജാതിക്ക, കുടംപുളി; കൈക്കൂലിയായി എന്തും സ്വീകരിക്കുന്ന സുരേഷ്കുമാർ
Government employee Caught while taking bribe money: സഹികെട്ട നാട്ടുകാർ വിജിലെൻസിൽ പരാതി പെടും എന്ന് മുന്നറിയിപ്പു നൽകിയിരുന്നു.
മണ്ണാർക്കാട്: പുഴുങ്ങിയ മുട്ട, ജാതിക്ക, കുടംപുളി, തേൻ, പാക്കറ്റ് പോലും പൊട്ടിക്കാതെ വച്ച ഷർട്ടുകൾ. കൈകക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാറിന്റെ ഒറ്റ മുറി പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചാണ് ഇതെല്ലാം, സാധാരണ കൈക്കൂലി വില്ലന്മാരെ കടത്തി വെട്ടുന്ന തരത്തിലുള്ള ആവശ്യങ്ങളാണ് സുരേഷ് കുമാറിന്റേത്. എന്ത് കാര്യം ചെയ്യാനും കൈമടക്കായ് എന്തെങ്കിലും കരുതാതെ സുരേഷിനടുത്തോട്ട് ചെന്നിട്ട് കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കൈക്കൂലി നൽകുന്നതുവരെ നടപടിയെടുക്കാതെ അപേക്ഷ തടഞ്ഞു വെക്കും. ചെറിയ ആവശ്യങ്ങൾക്ക് പോലും ചെല്ലുന്നവർക്ക് മുന്നിൽ സുരേഷ് കൈ നീട്ടും. ഒടുവിൽ സഹികെട്ടതോടെ മലയോര കർഷകർ മുൻപ് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വിജിലന്‍സിനെ കൊണ്ടു പിടിപ്പിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിട്ടും രക്ഷയുണ്ടായില്ല. തുടര്‍ന്ന് പാലക്കയം വില്ലേജിലായിരുന്നു ജോലി. റെയ്ഡ് വിവരമറിഞ്ഞപ്പോൾ വലിയ ജനക്കൂട്ടമാണ് കോംപ്ലക്സിന് താഴെ എത്തിയത്.
ALSO READ: ദിവസങ്ങൾക്ക് മുന്നേ രണ്ടാം വിവാഹം, വീട്ടിലെന്നും കലഹം; ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ്
കഴിഞ്ഞ 20 വര്‍ഷമായി മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായി സേവനം അനുഷ്ഠിച്ചയാളാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍. മണ്ണാര്‍ക്കാട് വില്ലേജോഫീസിനടുത്തുള്ള ജി.ആര്‍. ഷോപ്പിംഗ് കോംപ്ലക്സിലെ മുകള്‍നിലയില്‍ ഒറ്റമുറിയിലാണ് കഴിഞ്ഞ 10 വര്‍ഷമായി സുരേഷ് താമസിക്കുന്നത്. ആരോടും അധികം അടുപ്പം കാണിക്കാത്ത പ്രകൃതം. നേരത്തെ അട്ടപ്പാടി പാടവയല്‍ വില്ലേജിലാണ് ഇയാള്‍ ജോലിചെയ്തിരുന്നത്. 2009 മുതല്‍ 2022 വരെ മണ്ണാര്‍ക്കാട് പ്രവർത്തിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പരാതിപരിഹാര അദാലത്ത് നടക്കുന്നടിത്ത് നിന്നും കൈക്കൂലി വാങ്ങുമ്പോഴാണ് വില്ലേജ് ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. മഞ്ചേരി സ്വദേശി വിപിന്‍ ബാബുവില്‍ നിന്നാണ് ഇയാൾ പണം വാങ്ങിയത്. ചൊവ്വാഴ്ച 10.30നാണ് സംഭവം നടന്നത്. എം.ഇ.എസ് കോളേജില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന റവന്യൂ അദാലത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ് കുമാർ. പരാതിക്കാരനായ വിപിൻ ബാബുവിൽ നിന്നും മുമ്പ് രണ്ടുതവണ ഈ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാലക്കായം വില്ലേജ് പരിധിയിലുള്ള 45 ഏക്കര്‍ സ്ഥലത്തിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ദിവസങ്ങള്‍ക്ക് മുമ്പ് ഇയാൾ അപേക്ഷ നൽകിയിരുന്നു. സർട്ടിഫിക്കറ്റ് വാങ്ങിക്കാനായി ചെന്നപ്പോൾ സുരേഷ്‌കുമാറിനെ ബന്ധപ്പെടാനായി പറഞ്ഞു. ഫോണിൽ വിപിൻ ഇയാളെ വിളിച്ചപ്പോൾ 2500 രൂപ ആവശ്യപ്പെടുകയും റവന്യൂതല അദാലത്ത് നടക്കുന്ന കോളേജിലേക്ക് കൊണ്ടു വരാനും പറഞ്ഞു.ഇതോടെ പരാതിക്കാരന്‍ പാലക്കാട് വിജിലന്‍സിനെ വിവരം അറിയിച്ചു. സുരേഷ്‌കുമാറിന്റെ കാറില്‍വെച്ച് തുക വാങ്ങുന്നതിനിടെയാണ് പിടികൂടിയത്.
സുരേഷ് കുമാറിന്റെ വാടകമുറിയില്‍ നടത്തിയ റെയ്ഡില്‍ 17 കിലോ നാണയങ്ങളുള്‍പ്പടെ ഒരു കോടി ആറുലക്ഷം രൂപയുടെ അനധികൃത സമ്പാദ്യമാണ് കണ്ടെത്തിയത്. 35 ലക്ഷം രൂപ പണമായും 71 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയതിന്റെ രേഖകളും പിടിച്ചെടുത്തതായി വിജിലന്‍സ് അറിയിച്ചു. പിടിച്ചെടുത്ത പണം നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ എണ്ണിത്തിട്ടപ്പെടുത്തിയത്.
വൈകീട്ട് ആരംഭിച്ച റെയ്ഡ് രാത്രി 8.30-നാണ് കഴിഞ്ഞത്. തൊട്ടടുത്ത വ്യാപാരസ്ഥാപനത്തില്‍ നിന്നാണ് നോട്ടെണ്ണല്‍ യന്ത്രം വാങ്ങിച്ചത്.
സുരേഷ് കുമാറിന്റെ തിരുവനന്തപുരം ചിറയിന്‍കീഴിലുള്ള വീട്ടിലും വിജിലന്‍സ് റെയ്ഡ് നടന്നുവരുന്നതായി അധികൃതര്‍ വ്യക്തമാക്കി. കണ്ടുകെട്ടിയ പണവുമായി ബന്ധപ്പെട്ട് അടുത്തദിവസങ്ങളില്‍ വിശദമായ പരിശോധന നടത്തും. പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഫിലിപ്പ്, ഫറോഖ്, എസ്.ഐ.മാരായ സുരേന്ദ്രന്‍, മനോജ്, പോലീസ് ഉദ്യോഗസ്ഥരായ മനോജ്, സതീഷ്, സനേഷ്, സന്തോഷ്, ബാലകൃഷ്ണന്‍, മനോജ്, ഉവൈസ്, മണ്ണാര്‍ക്കാട് സി.ഐ. ബോബിന്‍ മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...