V. Sivankutty: സർക്കാർ സ്കൂളിലെ അധ്യാപകരെ പ്രൈവറ്റ് ട്യൂഷൻ നടത്താൻ അനുവദിക്കില്ല: വി.ശിവൻകുട്ടി
V. Sivankutty inagurates Prathibha Samgamam: ജ്ഞാന സമൂഹം സൃഷ്ടിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വി. ശിവൻകുട്ടി പറഞ്ഞു.
തിരുവനന്തപുരം: വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന എംഎൽഎ പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എൽ കെ ജി, യു കെ ജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ജ്ഞാന സമൂഹം സൃഷ്ടിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. പാവപ്പെട്ട വിദ്യാർത്ഥികൾക്കും മികച്ച പഠന സൗകര്യമാണ് നൽകുന്നത്. മാത്രമല്ല സർക്കാർ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഒരധ്യാപകനെയും പ്രൈവറ്റ് ട്യൂഷൻ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ചാവക്കാട് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി എം അഹമ്മദ്, ജില്ല പഞ്ചായത്ത് അംഗം റഹീം വീട്ടിപ്പറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി സുരേന്ദ്രൻ, ജാസ്മിൻ ഷഹീർ, വിജിതസന്തോഷ്, ചാവക്കാട് ഡിഇഒ എ കെ അജിത കുമാരി, സ്കൂൾ പ്രിൻസിപ്പാൾ സീന, വിദ്യാർത്ഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ALSO READ: ഇരുചക്ര വാഹനത്തിൽ കുട്ടികൾക്ക് ഇളവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ
മണ്ഡലത്തിൽ നൂറ് ശതമാനം വിജയം നേടിയ 11 വിദ്യാലയങ്ങളെ ചടങ്ങിൽ ആദരിച്ചു. മികച്ച വിജയം കൈവരിച്ച 32 വിദ്യാലങ്ങളിലെ ഉന്നത വിജയം നേടിയ 488 വിദ്യാർത്ഥികളെയും പുരസ്കാരം നൽകി അനുമോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...