Secretariat: വീടുകളിലെ മാലിന്യം ഉദ്യോഗസ്ഥർ സെക്രട്ടറിയേറ്റിൽ തള്ളുന്നു, നിക്ഷേപിക്കുന്നത് സാനിറ്ററി പാഡ് ഉൾപ്പെടെ; കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
Secretariat staff: വീടുകളിലെ മാലിന്യം ജീവനക്കാർ സെക്രട്ടറിയേറ്റിൽ നിക്ഷേപിക്കുന്നത് പതിവ് സംഭവമാകുന്നതിനിടെയാണ് പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങ്ങ് വിഭാഗം തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം: വീടുകളിലെ മാലിന്യം ഒരു വിഭാഗം ഉദ്യോഗസ്ഥർ സെക്രട്ടറിയേറ്റിൽ കൊണ്ട് തള്ളുന്നതായി കണ്ടെത്തൽ. സിസിടിവിയിൽ പതിഞ്ഞാൽ പിടിവീഴുമെന്നും കർശനനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്. പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങ്ങ് വിഭാഗമാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
വീടുകളിലെ മാലിന്യം ജീവനക്കാർ സെക്രട്ടറിയേറ്റിൽ നിക്ഷേപിക്കുന്നത് പതിവ് സംഭവമാകുന്നതിനിടെയാണ് പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങ്ങ് വിഭാഗം തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വീട്ടിലെ ഭക്ഷണ, പച്ചക്കറി അവശിഷ്ടങ്ങളും സാനിറ്ററി പാഡുകളും വരെ ഒരു വിഭാഗം ഉദ്യോഗസ്ഥർ സെക്രട്ടറിയേറ്റിലെ വേസ്റ്റ് ബിന്നിൽ കൊണ്ടിടുന്നതായി കണ്ടെത്തി. ഇതോടെയാണ് മാലിന്യം തള്ളുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
ALSO READ: Dengue fever: സംസ്ഥാനത്ത് ഡങ്കിപ്പനി വ്യാപിക്കാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
മാലിന്യം നിക്ഷേപിക്കുന്നത് കാരണം രൂക്ഷഗന്ധമെന്ന് ജീവനക്കാർ തന്നെ പരാതി നൽകിയിരുന്നു. ഓരോ ഡിപ്പാർട്ട്മെന്റുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലാണ് വീടുകളിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്. വേസ്റ്റ് ബിന്നുകൾ സിസിടിവി ക്യാമറയുടെ പരിധിയിൽ കൊണ്ടുവരുമെന്നും പിടിക്കപ്പെട്ടാൽ നാണക്കേടാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
അലങ്കാര ചെടികൾ കുപ്പിയിലിട്ടു വയ്ക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. പലയിടത്തും വെള്ളത്തിൽ കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്. ഇത് ഡെങ്കിപ്പനി പോലെ ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്നതിന് കാരണമാകുമെന്ന് നേരത്തെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സെക്രട്ടറിയേറ്റിൽ പലഭാഗങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ നീക്കം ചെയ്യാനും ഉത്തരവിൽ നിർദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...