Kerala Governor: `കേരളവുമായി ഇനി ആജീവനാന്ത ബന്ധം`; മലയാളത്തിൽ യാത്ര പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Kerala Governor: അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങി
അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങി. മലയാളത്തിൽ യാത്ര പറഞ്ഞായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം. കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തിൽ പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും തന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
‘ഗവർണറുടെ കാലാവധി കഴിഞ്ഞു. പക്ഷെ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓർമകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെ എല്ലാം ഞാൻ എന്നും ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലതു വരട്ടെ’ എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകൾ. കേരളത്തിന് വലിയ വിശിഷ്ടമായ സ്ഥാനം എന്റെ ഹൃദയത്തിലുണ്ട്. എല്ലാവരുമായും ബന്ധം തുടരുമെന്നും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും കേരളത്തിലെ എല്ലാ വർക്കും നന്ദിയുണ്ടെന്നും എല്ലാവർക്കും ആശംസ നേരുന്നതായും ആദ്ദേഹം പറഞ്ഞു.
സർവകലാശാലയുമായി ബന്ധപ്പെട്ട് ചാൻസലർ എന്ന നിലയിൽ തന്റെ അധികാരം ഉപയോഗിച്ചതാണെന്നും അതല്ലാതെ സർക്കാരുമായി യാതൊരു തർക്കങ്ങളുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാരിന് ആശംസകൾ നേർന്ന അദ്ദേഹം ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയയപ്പിനെ എത്താത്തതിനെക്കുറിച്ചും ഗവര്‍ണര്‍ മറുപടി നൽകി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണമായതിനാലാണ് ഔദ്യോഗിക യാത്രയയപ്പ് ഇല്ലാത്തതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
എന്നാൽ, അനൗപചാരികമായി മുഖ്യമന്തിയോ മന്ത്രിമാരോ എത്താത്തതിനെക്കുറിച്ച് ഈ സമയത്ത് ഒന്നും പറയുന്നില്ലെന്നും നല്ല വാക്കുകള്‍ പറഞ്ഞ് യാത്രയാവുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അവസാന ദിനത്തിലും അനിഷ്ടം സൂചിപ്പിച്ച് മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലെത്താൻ തയ്യാറായില്ല. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണ്ണർക്ക് ടാറ്റാ നൽകി. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുന്ന അദ്ദേഹം വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കും. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്. ജനുവരി രണ്ടിന് അദ്ദേഹം ബീഹാർ ഗവർണറായി ചുമതലയേൽക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.