തിരുവനന്തപുരം: പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകേണ്ടെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കൂടാതെ അംഗീകാരം നഷ്ടപ്പെട്ട മെഡിക്കൽ കോളജുകൾ സ്ഥിതി ചെയ്യുന്ന മണ്ഡലങ്ങളിലെ പ്രതിപക്ഷ എം.എൽ.എമാർ സഭാ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം ഗുരുതരമായ പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ പിടിപ്പുകേട് കൊണ്ടാണ് ഈ പ്രതിസന്ധിയെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം


COMMERCIAL BREAK
SCROLL TO CONTINUE READING

അംഗീകാരം നൽകേണ്ടെന്ന തീരുമാനം വഴി അന്യ സംസ്ഥാന ലോബിയെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മുൻ ആരോഗ്യമന്ത്രി വി.എസ് ശിവകുമാർ ആരോപിച്ചു. സർക്കാർ തീരുമാനം വഴി ആയിരത്തിലേറെ മെഡിക്കൽ സീറ്റുകൾ നഷ്ടമായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് യു.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. ഇതിനെ തകർക്കുന്ന സമീപനമാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത്. ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികളെ പുനർവിന്യസിക്കേണ്ട അവസ്ഥയാണുള്ളത്. ഈ മെഡിക്കൽ കോളജിനെ അട്ടിമറിക്കാൻ മനഃപൂർവം ശ്രമം നടക്കുന്നു. ഡോക്ടർമാരുടെ നിയമന ഉത്തരവ് പോലും കാണാനില്ലെന്നും ശിവകുമാർ പറഞ്ഞു.


എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ യാതൊരു ധാരണയുമില്ലാതെ മുന്‍ സര്‍ക്കാര്‍ സീറ്റുകള്‍ അനുവദിച്ചുവെന്നും ഇത്തരത്തിലുള്ള നിലപാടുകള്‍ മൂലം എംബിബിഎസിന് കുറച്ചുസീറ്റുകള്‍ നഷ്ടപ്പെട്ടതായും ആരോഗ്യമന്ത്രി കെകെ ശൈലജ മറുപടി നല്‍കി. കഴിഞ്ഞ വര്‍ഷം ഏഴു മെഡിക്കല്‍ കോളേജുകള്‍ക്ക് പൂര്‍ണമായും, രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് ഭാഗികമായും അംഗീകാരം നഷ്ടപ്പെട്ടുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുകള്‍ ഉപേക്ഷിക്കില്ലെന്നും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ദീർഘ വീക്ഷണമില്ലാതെ യു.ഡി.എഫ് സർക്കാർ എടുത്ത നിലപാടാണ് പ്രതിസന്ധിക്ക് വഴിവെച്ചതെന്നും മന്ത്രി ആരോപിച്ചു. ആവശ്യമായ സൗകര്യങ്ങളെല്ലാം സർക്കാർ ഒരുക്കും. എന്നാൽ, ഒരു മാസം കൊണ്ട് സാധിക്കില്ല. വർഷം തോറും അംഗീകാരം പുതുക്കി വാങ്ങുന്ന പരിപാടിക്ക് സർക്കാറില്ലെന്നും ശൈലജ വ്യക്തമാക്കി


ആരോഗ്യ രംഗത്തെ നേട്ടങ്ങൾ സർക്കാർ തമസ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളെല്ലാം ആദ്യം വേണമെന്ന് സർക്കാർ നിർബന്ധം പിടിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.ആരോഗ്യ മന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.