രാജ്യവ്യാപകമായി ഇനി ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് നിർമല സീതാരാമൻ
വാക്സിനേഷനും പരിശോധനയും കൃത്യമായി നടക്കുന്ന സാഹചര്യത്തിൽ ഇനിയൊരു ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ നിശ്ചലമാക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി: രാജ്യവ്യാപകമായി ഇനി ലോക്ക്ഡൗൺ (Lock Down) പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രാദേശികമായുള്ള നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകൂവെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. കൊവിഡ് (Covid) വ്യാപനത്തിന്റെ രണ്ടാംഘട്ടത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
1,80,000ൽ അധികം പ്രതിദിന കൊവിഡ് (Covid) കേസാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ രാജ്യം വീണ്ടും അടച്ചിടലിലേക്ക് പോകുമെന്ന് കരുതിയിരുന്നു. എന്നാൽ ലോക ബാങ്ക് പ്രതിനിധികളുമായുള്ള ചർച്ചയിലാണ് ഇനിയൊരു സമ്പൂർണ അടച്ചിടലിലേക്ക് രാജ്യം പോകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയത്. നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് രാജ്യത്തിന് മുന്നിൽ മറ്റ് വഴികൾ ഇല്ലാതിരുന്നതിനാലാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയെയും രാജ്യം അഭിമുഖീകരിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകൾ നിശ്ചലമാകുന്ന സാഹചര്യം നേരിട്ടു. നിർമാണ മേഖലയും വാണിജ്യ-വ്യവസായ മേഖലയും വലിയ പ്രതിസന്ധി നേരിട്ടു.
അതിൽ നിന്നും രാജ്യം പിന്നീട് ഒരുപാട് മുൻപോട്ട് പോയി. കൊവിഡിന്റെ രണ്ടാംതരംഗം എത്തുമ്പോൾ രാജ്യം അതിനെ നേരിടാൻ കഴിയുന്ന തരത്തിൽ രാജ്യത്തെ ആരോഗ്യരംഗം മെച്ചപ്പെട്ടിരിക്കുന്നു. കൃത്യമായ നിരീക്ഷണം, പരിശോധനകൾ കൃത്യമായി നടത്തുന്നത്, രോഗികളെ മാറ്റിപ്പാർപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ട്. വാക്സിനേഷൻ (Vaccination) വളരെ വിപുലമായി രാജ്യത്ത് നടപ്പാക്കാൻ കഴിഞ്ഞു. ഇത്തരത്തിൽ വാക്സിനേഷനും പരിശോധനയും കൃത്യമായി നടക്കുന്ന സാഹചര്യത്തിൽ ഇനിയൊരു ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ നിശ്ചലമാക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ലെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചത്.
ALSO READ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ്,ആരോഗ്യനില തൃപ്തികരം
അതിന് പകരം പ്രാദേശിക തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ തിരിച്ചറിഞ്ഞ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. അതല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാം. എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ലോക്ക്ഡൗൺ എന്ന തലത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് സംസ്ഥാന സർക്കാരുകളും വ്യക്തമാക്കുന്നത്. അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 1,84,372 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആറ് മാസത്തിന് ശേഷം ആദ്യമായി ഒരു ദിവസം മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 13.05 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
രണ്ടാം തരംഗത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. 1027 പേർക്ക് ഇന്നലെ ജീവൻ നഷ്ടമായി. ആകെ രോഗികളുടെ എണ്ണം 1.38 കോടി ആയി വർധിച്ചു. 13.65 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,72,085 ആയി. 82,339 പേർ ഇന്നലെ രോഗമുക്തരായി. 88.92 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ മാത്രം ഒരു ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. 603 പേർ മരിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മരണനിരക്ക് ആശങ്കപ്പെടുത്തുന്നതാണ്.
ALSO READ: മുഖ്യമന്ത്രി കൊവിഡ് നെഗറ്റീവ്; ഇന്ന് ആശുപത്രി വിടും
മഹാരാഷ്ട്രയിൽ രാത്രി എട്ട് മുതലാണ് നിരോധനാജ്ഞ. മെയ് ഒന്ന് വരെ മെഡിക്കൽ, ബാങ്കിങ് സേവനങ്ങൾ, ഓൺലൈൻ വ്യാപാരം, ഇന്ധന വിതരണം തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി. കുംഭമേളയുൾപ്പെടെയുള്ള ആചാരങ്ങൾക്ക് നിയന്ത്രണങ്ങൾ ഇല്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഗംഗ മാതാവിന്റെ അനുഗ്രഹം തേടിയെത്തുന്നവർക്ക് കൊവിഡ് ബാധിക്കില്ലെന്നാണ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്തിന്റെ വാദം. ഹരിദ്വാറിൽ മാത്രം രണ്ട് ദിവസത്തിനിടെ ആയിരത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും
മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനും കൊവിഡ് സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.