അന്തിമ വിധിവരെ സര്‍ക്കാര്‍ യുവതി പ്രവേശനം തടഞ്ഞേക്കും
ഇപ്പോള്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലയെങ്കിലും വിശാലബെഞ്ച് ഹര്‍ജികള്‍ പരിശോധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: അന്തിമ വിധി വരുന്നതുവരെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണ്ട എന്ന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നതെന്ന് സൂചന.
ഇപ്പോള്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലയെങ്കിലും വിശാലബെഞ്ച് ഹര്‍ജികള്‍ പരിശോധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി.
വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ നിയമോപദേശം തേടുമെന്നാണ് അറിവ്. എജിയോടോ സുപ്രീംകോടതിയിലെ വിവിധ അഭിഭാഷകരോടോ നിയമോപദേശം തേടാനാണ് ആലോചിക്കുന്നത്.
അതുകൊണ്ടുതന്നെ വിധിയില്‍ വ്യക്തത വരുന്നതുവരെ ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് യുവതികളെ തിരിച്ചയക്കാനാണ് സാധ്യത.
എന്തായാലും ഈ അവ്യക്തത നിലനില്‍ക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പഴയ ആവേശം വിടുന്നത് ശ്രദ്ധാര്‍ഹമാണ്. മതാചാരം കോടതിയാണോ നിര്‍ണ്ണയിക്കേണ്ടത് എന്നതടക്കമുള്ള കാര്യങ്ങളാണ് വിശാല ബഞ്ചിന്‍റെ പരിഗണനയിലുള്ളത്.
അതുകൊണ്ടുതന്നെ ഈ സാഹചര്യത്തില്‍ യുവതി പ്രവേശനവിധി കര്‍ശനമായി പാലിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. വിധിയെപ്പറ്റി പ്രതികരിച്ച മുഖ്യമന്ത്രി നിയമോപദേശം ലഭിക്കട്ടെ എന്ന സമീപനമാണ് എടുത്തിരിക്കുന്നത്.
യുവതീപ്രവേശനത്തിൽ നിന്നും തൽക്കാലം പിന്നോട്ട് പോകുകയാണെങ്കിലും സ്റ്റേ ചെയ്യാത്ത വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമോ എന്നൊരു പ്രശ്നവും സർക്കാരിന് മുന്നിലുണ്ട്.
എങ്കിലും വിശാല ബെഞ്ച് ഹർജികൾ പരിഗണിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളിലെല്ലാം നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സർക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. അതുകൊണ്ടുതന്നെ ദര്‍ശനം നടത്തേണ്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നുള്ള സമീപനവും സര്‍ക്കാര്‍ ചിലപ്പോള്‍ സ്വീകരിച്ചേക്കാം.
കഴിഞ്ഞ വര്‍ഷം വന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നീങ്ങിയ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഏല്‍ക്കേണ്ടി വന്നത്. അത് തിരഞ്ഞെടുപ്പിനെപ്പോലും ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വ്യക്തമായി ആലോചിച്ച ശേഷം മാത്രമേ ഇതിലൊരു തീരുമാനം സര്‍ക്കാര്‍ എടുക്കുകയുള്ളൂ.