H1N1: സംസ്ഥാനത്ത് എച്ച്1 എൻ1 കേസുകളിൽ വർധന; ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു
H1N1 cases increase: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എൻ1 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തത്. രണ്ട് കേസുകൾ ആലപ്പുഴയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എൻ1 കേസുകളിൽ വർധന. ഇന്നലെ ആറ് പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. സമീപകാലത്തെ ഉയർന്ന കണക്കാണിത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എൻ1 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തത്. രണ്ട് കേസുകൾ ആലപ്പുഴയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് ആകെ 46 പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് കോളറയും ചിക്കൻപോക്സും വ്യാപിക്കുന്നതായും ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ സ്രവം പരിശോധിക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
ദാഹിക്കുന്നത് വരെ കാത്തിരിക്കാതെ ധാരാളം വെള്ളം കുടിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം തന്നെ കുടിക്കണമെന്നും മന്ത്രി അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അന്തരീക്ഷ താപനില വലിയ നിലയിൽ ഉയരുന്നതായി ഉന്നതതല യോഗം വിലയിരുത്തി.
നേരിട്ടുള്ള വെയിൽ ഏൽക്കരുതെന്നും കുട്ടികളെ വെയിലത്ത് പുറത്തു വിടരുതെന്നും മുന്നറിയിപ്പുണ്ട്. നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. വേനൽച്ചൂടിനൊപ്പം പകർച്ചവ്യാധികളും പടരുന്നതിനാൽ കുട്ടികളും മറ്റ് രോഗങ്ങൾ ഉള്ളവരും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ കാലത്തേക്ക് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് ആരോഗ്യവകുപ്പ് പദ്ധതികൾ നടപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...