ശബരിമല: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിക്കെതിരെ ഇന്നലെ ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അഖില ഹിന്ദു പരിഷത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. പലയിടത്തും ബസ്സുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസ് ശബരിമലയില്‍ അതീവ ജാഗ്രതയിലാണ്. കോഴിക്കോടും മലപ്പുറത്തും പത്തനംതിട്ടയിലും ബസുകള്‍ക്ക് നേരെ കല്ലേറ്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോഴിക്കോട് സ്കാനിയ അടക്കമുള്ള മൂന്ന് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇതിനിടെ ശബരിമലയില്‍ കമാന്‍റോ സംരക്ഷണം ഏര്‍പ്പെടുത്തി.


ബംഗ്ലൂരില്‍ നിന്ന് കോഴിക്കോട് എത്തിയ സ്കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. രണ്ട് ബസുകളുടെ ചില്ല് തകര്‍ന്നു. മറ്റിടങ്ങളില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. സ്കാനിയാ ബസുകളടക്കമുള്ള വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെ യാത്ര തുടരൂവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. 


രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. കോടതി വിധിയെ വെല്ലുവിളിച്ച് കൊണ്ട് ഹ‍ർത്താലിൽ വാഹനങ്ങൾ തടയുമെന്നും കടകൾ തുറക്കാൻ അനുവദിക്കില്ലെന്നും അഖില ഹിന്ദു പരിഷത്ത് അറിയിച്ചിട്ടുണ്ട്. 


അയ്യപ്പ ധർമ സംരക്ഷണ സമിതിയുൾപ്പടെയുള്ള ഹിന്ദു സംഘടനകളും ബിജെപിയും എന്‍ഡിഎയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. 


ഇതിനിടെ ഇന്ന് രാവിലെ തന്നെ സന്നിധാനത്ത് ഭക്തജനത്തിരക്കേറി. തീർഥാടനം സുഗമമാക്കാൻ കർശന ജാഗ്രതയിലാണ് പൊലീസ്. നിലയ്ക്കലിൽ നിന്ന് ഉൾപ്പടെ സമരക്കാരെ പൂ‍ർണമായി ഒഴിപ്പിയ്ക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം. ഇന്നലെ ശബരിമലയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ചിതറിയോടിയ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.


സംഘര്‍ഷത്തില്‍ ഒമ്പത് പേരെ മാത്രമാണ് പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. മറ്റ് പ്രതിഷേധക്കാര്‍ കാടുകളിലോ മറ്റ് പ്രദേശങ്ങളിലോ തങ്ങിയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് കരുതലോടെയാണ് ശബരിമലയിലും സന്നിധാനത്തും പമ്പയിലും നിലയുറപ്പിച്ചിരിക്കുന്നത്. 


സംഘര്‍ഷത്തെ തുടര്‍ന്ന് ശബരിമലയിൽ ഇന്ന് നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിലനിൽക്കുന്ന സംഘർഷാവസ്ഥയും അക്രമങ്ങളും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചത്. മുൻകരുതലിന്‍റെ ഭാഗമായി ഇലവുങ്കലിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സന്നിധാനത്തിന്‍റെ 30 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാ‍ജ്ഞ നിലവിൽ വരിക. തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല. ഇതിന്‍റെ സമയപരിധി ഇപ്പോൾ തീരുമാനിച്ചിട്ടില്ല. 


സംഘർഷാവസ്ഥ തുടരുന്ന സാഹചര്യമാണെങ്കിൽ നിരോധനാ‍ജ്ഞ നീട്ടും. സമീപഭാവിയിലൊന്നും ശബരിമലയിൽ നിരോധനാ‍ജ്ഞ ഉണ്ടായിട്ടില്ല. അത്യപൂർവമായ അക്രമസംഭവങ്ങൾ ശബരിമലയിൽ അരങ്ങേറിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ കടുത്ത നടപടി.