കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബംഗളൂരു സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി നിയമപരാമായി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ച് ശുദ്ധിക്രിയ ചെയ്തത് വന്‍ വിവാദമായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അനുവാദമില്ലാതെയുള്ള ശുദ്ധിക്രിയയില്‍ ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു. 


അനുമതിയില്ലാതെയുള്ള ശുദ്ധിക്രിയ ദേവസ്വം മാന്വലിന്റെയും യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയുടേയും ലംഘനമാണെന്ന് സര്‍ക്കാറും ബോര്‍ഡും വിശദീകരിക്കുന്നു. എന്നാല്‍ ശബരിമലയിലെ ആചാരകാര്യങ്ങളില്‍ തന്ത്രിക്കാണ് പരമാധികാരമെന്നാണ് താഴമണ്‍ തന്ത്രി കുടുംബത്തിന്റെ നിലപാട്.


പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനും തന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിക്കെതിരെ നടപടി വേണമെന്നാണ് സര്‍ക്കാറിന്റെയും ദേവസ്വം കമ്മീഷണറുടേയും ബോര്‍ഡിലെ രണ്ട് അംഗങ്ങളുടേയും സമീപനം. എന്നാല്‍ കടുപ്പിക്കേണ്ടെന്ന നിലപാടാണ് ദേവസ്വം പ്രസിഡന്റിനുള്ളത്. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കര്‍ക്കിടക മാസം വരെ കാലാവധിയുണ്ട്.