വയനാട്: നൂൽപ്പുഴ പഞ്ചായത്തിൽ സ്ഥിരീകരിച്ച ഷി​ഗല്ല (Shigella) രോ​ഗം നിയന്ത്രണ വിധേയമെന്ന് ആരോ​ഗ്യവകുപ്പ് (Kerala Health Department). ആദിവാസി കോളനികളിൽ ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് രോ​ഗം പടരാൻ കാരണമായെന്നാണ് വിലയിരുത്തൽ. ജലലഭ്യത ഉറപ്പാക്കി ഭാവിയിൽ രോ​ഗം കോളനികളിൽ പടരാതിരിക്കാൻ നൂൽപ്പുഴ പഞ്ചായത്ത് നടപടികൾ തുടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലയിൽ രോ​ഗലക്ഷണം ഉള്ളവർ ഉടൻതന്നെ പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശം നൽകി. കഴിഞ്ഞ ദിവസം ഷി​ഗല്ല (Shigella) രോ​ഗം ബാധിച്ച് എട്ട് വയസുകാരി മരിച്ചിരുന്നു. ഉടൻ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്ന് ദിവസത്തെ പ്രതിരോധ  പ്രവ‍ത്തനങ്ങൾക്ക് ഒടുവിൽ രോ​ഗം നിയന്ത്രണ വിധേയമാക്കിയെന്നാണ് ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരം. പുതിയതായി ആർക്കും രോ​ഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് രോ​ഗം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ വ്യക്തമാക്കുന്നത്.


ആദിവാസി കോളനികളിൽ ശുദ്ധ ജലത്തിന്റെ ലഭ്യതക്കുറവാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി. ഇത് പരിഹരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പഞ്ചായത്ത് സർവകക്ഷിയോ​ഗം വിളിച്ചു. ശുദ്ധ ജലത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ നടപടിയെടുക്കാമെന്ന് യോ​ഗത്തിൽ പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. നൂൽപ്പുഴയിൽ ആശങ്ക അവസാനിച്ചെങ്കിലും ജില്ലയിലെ മറ്റിടങ്ങളിൽ രോ​ഗമുണ്ടെയെന്ന സംശയം ആരോ​ഗ്യവകുപ്പിൽ നിലനിൽക്കുന്നുണ്ട്. ഇതിനാൽ ജില്ലയിലുടനീളം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.


ALSO READ: Shigella: കോഴിക്കോട് ഒന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു


വയറിളക്കവും ശർദ്ദിയും അടക്കമുള്ള രോ​ഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരരുത്. രോ​ഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ തൊട്ടടുത്ത പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശം നൽകി. ഷി​ഗല്ല 
വിഭാ​ഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഷി​ഗല്ലോസിസ് അഥവാ ഷി​ഗല്ല രോ​ഗാണുബാധക്ക് കാരണമാകുന്നത്. വയറിളക്കമാണ് ഈ രോ​ഗത്തിന്റെ പ്രധാന ലക്ഷണം. പനി, വയറുവേദന, ശർദ്ദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയും ഈ 
രോ​ഗത്തിന്റെ ലക്ഷണങ്ങളാണ്. മലിന ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷി​ഗല്ല രോ​ഗം പകരുന്നത്.


ALSO RAED: രാജ്യസഭ തെര‍ഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുള്ളിൽ നടത്തണം; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി


ഷി​ഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. അതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. രോ​ഗ ലക്ഷണങ്ങൾ ​ഗുരുതര നിലയിൽ എത്തിയാൽ അഞ്ച് വയസിന് താഴെയുള്ള രോ​ഗം പിടിപെട്ട കുട്ടികളിൽ മരണ സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ വളരെ വേ​ഗത്തിൽ രോ​ഗവ്യാപനം സംഭവിക്കും. രോ​ഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോ​ഗം അതിവേ​ഗം വ്യാപിക്കും. രണ്ട് മുതൽ ഏഴ് ദിവസം വരെയാണ് രോ​ഗലക്ഷണങ്ങൾ കാണപ്പെടുന്നത്. ചില കേസുകളിൽ രോ​ഗലക്ഷണം നീണ്ടുനിന്നേക്കാം. ചിലരിൽ രോ​ഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും. രോ​ഗലക്ഷണം ഉണ്ടായാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.