സ്കാനിംഗുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം; മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യ മന്ത്രി
അത്യാഹിത വിഭാഗം നിരന്തരം വിലയിരുത്താനും അപ്പപ്പോള്‍ തന്നെ പോരായ്മകള്‍ പരിഹരിക്കാനും ചിട്ടയോടെ പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കി
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 3 സിടി സ്‌കാനിംഗ് മെഷീനുകളും ഒരു എംആര്‍ഐ മെഷീനും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. സ്‌കാനിംഗിനുള്ള കാലതാമസം കുറച്ച് പരമാവധി പേര്‍ക്ക് സേവനം നല്‍കേണ്ടതാണ്. മാമോഗ്രാം, അത്യാഹിത വിഭാഗത്തിലെ എക്‌സ്‌റേ മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തനം യോഗം പ്രത്യേകം വിലയിരുത്തി. സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി ലഭ്യമാക്കേണ്ടതാണ്.
അത്യാഹിത വിഭാഗം നിരന്തരം വിലയിരുത്താനും അപ്പപ്പോള്‍ തന്നെ പോരായ്മകള്‍ പരിഹരിക്കാനും ചിട്ടയോടെ പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഐപി രോഗികള്‍ക്ക് സിടി സ്‌കാനിംഗ് പൂര്‍ണതോതില്‍ ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയാണ് പരാതിക്ക് പരിഹാരം കണ്ടത്. മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയാണ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായായിരുന്നു സന്ദര്‍ശനം.
രാത്രി 10 മണിയോടെ അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും എക്‌സ്‌റേ റൂം, വിവിധ സ്‌കാനിംഗ് യൂണിറ്റുകള്‍, കാത്ത് ലാബ് എന്നിവ സന്ദര്‍ശിക്കുകയും ചെയ്തു. രോഗികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. പോരായ്മകള്‍ പരിഹരിക്കാന്‍ രാവിലെ മെഡിക്കല്‍ കോളേജിന്റെ അടിയന്തര യോഗം മന്ത്രിയുടെ ചേമ്പറില്‍ വിളിച്ചു ചേര്‍ത്തു. ഈ യോഗത്തിലാണ് കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സേവന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുകയും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവ് നടപ്പിലാക്കുകയും ചെയ്തു. ഇത് വിലയിരുത്തുന്നതിന് മന്ത്രി നിരവധി തവണ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുകയും യോഗം വിളിക്കുകയും ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനില്‍ സുന്ദരം, വിവിധ വകുപ്പ് മേധാവികളായ ഡോ. തോമസ് ഐപ്പ്, ഡോ. വിശ്വനാഥന്‍, ഡോ. ജയശ്രീ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...