തിരുവനന്തപുരം: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാൽ ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൽ പ്രധാന പങ്ക് വഹിക്കാനാകും. പൊതുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. വ്യക്തികൾക്ക് സ്വന്തം നിലയിലും സമൂഹത്തിനും ഡെങ്കിപ്പനി പകരുന്നത് തടയുന്നതിൽ പ്രധാന പങ്കുവഹിക്കാനാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അൽപം പോലും വെള്ളം കെട്ടി നിർത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം. ഡെങ്കിപ്പനി വന്നവരും അല്ലാത്തവരും ഒരുപോലെ മുൻകരുതലുകളെടുക്കണം. ഒരു തവണ രോഗം ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. നീണ്ടു നിൽക്കുന്ന പനിയാണെങ്കിൽ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.


ALSO READ: കാലവർഷം എത്തുന്നു; സംസ്ഥാനത്ത് കനത്ത മഴ, 9 ജില്ലകളിൽ മുന്നറിയിപ്പ്


മേയ് 16നാണ് ഈ വർഷത്തെ ദേശീയ ഡെങ്കിപ്പനി ദിനം. 'സാമൂഹ്യ പങ്കാളിത്തതോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം' (Connect with Community, Control Dengue) എന്നതാണ് ഈ വർഷത്തെ ദേശീയ ഡെങ്കിപ്പനി ദിനാചരണ സന്ദേശം. ഡെങ്കിപ്പനി പ്രതിരോധത്തിലും നിയന്ത്രണത്തിലും സമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനാകും. സംസ്ഥാനതല ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങളുടെയും മറ്റ് പകർച്ചവ്യാധികളുടെയും പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ യോഗം സംഘടിപ്പിക്കുന്നു. മഴക്കാല രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും വിവിധ വകുപ്പുകളുടെ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമായതിനാലാണ് ഇത്തരമൊരു യോഗം സംഘടിപ്പിക്കുന്നത്.


കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി ഇപ്പോഴും വിട്ടുമാറാത്തതിന്റെ പ്രധാന കാരണം. ഈഡിസ് ഈജിപ്റ്റി എന്നയിനം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.


പ്രതിരോധ നടപടികൾ


കൊതുകിന്റെ സഹായമില്ലാതെ രോഗമുള്ളവരിൽ നിന്നും ഡെങ്കിപ്പനി നേരിട്ട് പകരുന്നില്ല. അതിനാൽ തന്നെ ഡെങ്കിപ്പനിയ്‌ക്കെതിരായ പ്രതിരോധ നടപടികൾക്ക് വളരെ പ്രാധാന്യമുണ്ട്. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. വീടും സ്ഥാപനങ്ങളും പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക. വെള്ളം സൂക്ഷിക്കുന്ന സംഭരണികൾ എല്ലാം തന്നെ അടച്ചുവയ്ക്കണം. വീടിനു ചുറ്റുമുള്ള ചിരട്ട, ടിൻ തുടങ്ങിയ സാധനങ്ങളും വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം. ആക്രി സാധനങ്ങൾ മൂടി വയ്ക്കുക. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളിൽ മാത്രം കിടത്തുവാൻ ശ്രദ്ധിക്കുക. 


കുഞ്ഞുങ്ങളെ നിർബന്ധമായും കൊതുകുവലയ്ക്കുള്ളിൽ തന്നെ കിടത്തണം. തുറസായ സ്ഥലങ്ങളിൽ കിടന്നുറങ്ങാതിരിക്കുക. കൊതുക് കടിയിൽ നിന്നും രക്ഷനേടാൻ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. കൊതുകു തിരികൾ, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങൾ എന്നിവയെല്ലാം കൊതുക് കടിയിൽ നിന്നും ഒരു പരിധിവരെ സംരക്ഷണം നൽകും. കൊതുകുകൾ ഏറ്റവും അധികം വ്യാപരിക്കുന്ന രാവിലെയും വൈകുന്നേരവുമുള്ള സമയത്ത് വിടിന് ഉൾഭാഗം പുകച്ചതിനുശേഷം ജനലും വാതിലും അടച്ചിടുന്നത് കൊതുക് ശല്യം കുറയ്ക്കാൻ ഉപകരിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.