തിരുവനന്തപുരം :  ആരോഗ്യ പ്രവര്‍ത്തകയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച്‌ യുവാവ്....  താന്‍ ഗള്‍ഫില്‍ നിന്ന് വന്ന വിവരം  അധികൃതരെ അറിയിച്ചുവെന്ന കാരണതിനാണ് മര്‍ദ്ദനം...


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്ത്‌ വെഞ്ഞാറമൂടിലാണ്  സംഭവം. ആരോഗ്യപ്രവര്‍ത്തകയായ വാമനപുരം പഞ്ചായത്തിലെ ആശാ വര്‍ക്കര്‍ പൂവത്തൂര്‍ സരസ്വതി ഭവനില്‍ ലിസിയെയാണ് യുവാവ്  ആക്രമിച്ചത്.


മാര്‍ച്ച്‌ 9 ന് വിദേശത്തുനിന്ന് നാട്ടിലെത്തിയ പൂവത്തൂര്‍ നിവാസി വിഷ്ണു എന്ന യുവാവിനോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍,  ഈ നിര്‍ദ്ദേശം പാലിക്കാതെ ഇയാള്‍ പുറത്ത് കറങ്ങി നടന്നത് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചതിനാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി മര്‍ദ്ദിച്ചത്. 


വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് താന്‍ ഗള്‍ഫില്‍ നിന്ന് വന്ന വിവരം അധികൃതരോട് പറഞ്ഞതെന്തിനെന്ന് ചോദിച്ച്‌ മുടി ചുറ്റിപ്പിടിച്ച്‌ മര്‍ദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തുവെന്നും മുഖത്തും ചെവിക്കും തലയ്ക്കും അടിച്ചുവെന്നും ലിസി പൊലീസിനോട് പറഞ്ഞു.


ശബ്ദം കേട്ട് മകള്‍ ഓടിവന്നെങ്കിലും വിഷ്ണു അക്രമം തുടര്‍ന്നു. പത്തുമിനിറ്റിലേറെ കയ്യേറ്റം നീണ്ടു. ലിസിയുടെയും മകളുടെയും നിലവിളി കേട്ട് സമീപ വാസികള്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെടുകയുമായിരുന്നു. ഇയാളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്നാണ് സൂചന.


കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രണ്ടാഴ്ചയായി വിശ്രമമില്ലാതെ സേവനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.


ഇയാള്‍ക്കെതിരെ  പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.