കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്തിര ആട്ടവിശേഷ പൂജയ്ക്ക് നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയതില്‍ കെ സുരേന്ദ്രന് പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഈ കേസില്‍ നേരത്തെ പത്തനംതിട്ട കോടതി സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു.
 
സര്‍ക്കാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എസ്പി ഹരിശങ്കറിന് തന്നോടുള്ള വ്യക്തിപരമായ വൈരാഗ്യമാണ് കള്ളക്കേസിന് പിന്നിലെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചത്. സുരേന്ദ്രനെതിരായ നടപടിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും.


ഇന്ന് റിമാന്‍ഡ് കാലാവധി കഴിയുന്ന സുരേന്ദ്രനെ പൊലീസ് ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും. 


അതേസമയം, കെ. സുരേന്ദ്രന് അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിലും, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിലും ഒരു പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം എ.ആര്‍.ക്യാമ്പിലെ ഇന്‍സ്‌പെക്ടര്‍ വിക്രമന്‍ നായരെ ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.


കൊട്ടാരക്കര ജയിലില്‍ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഹോട്ടലില്‍നിന്നും ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കികൊടുത്തത്. സുരക്ഷാപ്രശ്‌നം മൂലം എ.ആര്‍.ക്യാമ്പില്‍നിന്ന് ഭക്ഷണം നല്‍കണമെന്നായിരുന്നു പൊലീസിന്‍റെ നിര്‍ദ്ദേശം.


ശബരിമലയില്‍ സ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ സുരേന്ദ്രന്‍ ജയിലിലാണ്. കഴിഞ്ഞ മാസം 18 നാണ് സുരേന്ദ്രന്‍ അറസ്റ്റിലാവുന്നത്.