തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കൂടാതെ, കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കേന്ദ്രജലകമ്മിഷനും മുന്നറിയിപ്പ് നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത 24 മണിക്കൂറിനുള്ളില്‍ 20 സെന്‍റിമീറ്റര്‍വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം, കേരളത്തിലെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇടുക്കിയിലെ യെല്ലോ അലര്‍ട്ട് ഞായറാഴ്ച വരെ തുടരും.


മലയോരമേഖലകളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി കെട്ടിടങ്ങള്‍ ഏറ്റെടുത്തു സജ്ജ്മാക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമുണ്ട്.


കൂടാതെ, തീരപ്രദേശത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.