Heavy rain in Kerala | Army deployed for rescue: രക്ഷാപ്രവർത്തനത്തിന് സൈന്യം; ദുരന്തനിവാരണത്തിനായി എയർ ഫോഴ്സും സജ്ജം
Mi-17, സാരംഗ് ഹെലികോപ്റ്ററുകൾ എന്നിവ രക്ഷാപ്രവർത്തനത്തിന് സജ്ജമായി
കോട്ടയം: കേരളത്തിലെ പ്രളയബാധിത (Flood) പ്രദേശങ്ങളിലെ ദുരന്തനിവാരണത്തിൽ സിവിൽ അഡ്മിനിസ്ട്രേഷനെ സഹായിക്കാൻ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം, ഇന്ത്യൻ വ്യോമസേനയും (Indian Air Force) ഇന്ത്യൻ സൈന്യവും കേരളത്തിലെത്തി. Mi-17, സാരംഗ് ഹെലികോപ്റ്ററുകൾ എന്നിവ രക്ഷാപ്രവർത്തനത്തിന് സജ്ജമായി.
കേരളത്തിലെ നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്ത് ദക്ഷിണ വ്യോമ കമാൻഡിന് കീഴിലുള്ള എല്ലാ താവളങ്ങളും അതീവ ജാഗ്രതയിലാണ്.
പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഇന്ത്യൻ സൈന്യം ഇതിനകം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഒരു നിരയിൽ ഒരു ഓഫീസർ, 2 ജെസിഒമാർ, മറ്റ് 30 റാങ്കിലുള്ള സൈനികർ എന്നിവരും മേജർ അബിൻ പോളിന്റെ നേതൃത്വത്തിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ നിന്ന് രണ്ട് ബൗട്ടും ഒബിഎമ്മും മറ്റ് ഉപകരണങ്ങളും കാഞ്ഞിരപ്പള്ളിയിലേക്ക് എത്തി. സംസ്ഥാന സർക്കാർ അധികൃതരുമായി ഐഎഎഫും കരസേന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച ഇപ്പോഴും തുടരുകയാണ്.
കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടി 13 പേരെ കാണാതായി. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിലടക്കം വെള്ളം കയറി. പല കെട്ടിടങ്ങളും ഒറ്റപ്പെട്ടു. പൊടുന്നനെ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലാണ് ദുരന്തമുണ്ടാക്കിയത്. പ്രദേശത്ത് ഒറ്റപ്പെട്ട് പോയവരെ രക്ഷപ്പെടുത്തനായി വ്യോമസേനയുടെ സഹായം ഉള്‍പ്പടെ കോട്ടയം ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ രക്ഷാപ്രവർത്തനത്തിന് നാട്ടുകാരാണ് നേതൃത്വം നൽകുന്നത്. രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ M 17 ഹെലികോപ്ടറുകളും സൂളൂറിൽ നിന്ന് കൂടുതൽ ഹെലികോപ്ടറുകളും എത്തിയേക്കും.
അതേസമയം, കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് ബസ് മുങ്ങിയത്. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്. ബസില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അതേസമയം തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
സ്ഥലത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തിൽ വിശദമായ മുന്നൊരുക്കം നടത്തുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലേക്ക് ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...