Flood alert: മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് പഠനം; ദേശീയ ദുരന്തനിവാരണ സംഘം കേരളത്തിലേക്ക്
അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് മിന്നൽ പ്രളയത്തിന് സാധ്യയുണ്ടെന്ന കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മണിമലയാറ്റിലെ ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്ര ജലകമ്മീഷൻ വ്യക്തമാക്കി. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. തെക്കൻ കർണാടകയ്ക്ക് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റും ശക്തമായിട്ടുണ്ട്. വടക്കൻ കേരളത്തിൽ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മലയോര മേഖലകളിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: Kerala Rain Alert: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച് അലർട്ട്
എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
മുന്നറിയിപ്പ് നിർദേശങ്ങൾ
- ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം
- മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയോരമേഖലകളിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
- വിനോദസഞ്ചാരികൾ രാത്രി യാത്രകളും ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.
- വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
- ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...