Heavy rain in kerala: ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴ തുടരും
വടക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം, കഴിഞ്ഞ ആറ് മണിക്കൂറായി പടിഞ്ഞാറു വടക്കു-പടിഞ്ഞാറു ദിശയിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ശക്തി പ്രാപിച്ചു
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി (Cyclone) മാറി. വടക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം, കഴിഞ്ഞ ആറ് മണിക്കൂറായി പടിഞ്ഞാറു വടക്കു-പടിഞ്ഞാറു ദിശയിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ശക്തി പ്രാപിച്ചു. സീസണിലെ ആദ്യ അതിതീവ്ര ന്യൂനമർദ്ദമായി ഇത് മാറിയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒഡീഷ തീരത്തിനടുത്തായിട്ടാണ് അതിതീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറു വടക്കു-പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദ്ദം ആകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നും നാളെയും മഴ തുടരാൻ സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസമില്ല.
ALSO READ: Earthquake: ജമ്മു-കശ്മീരിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത് 4.2 തീവ്രത
എന്നാൽ, കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ സെപ്റ്റംബർ 13 രാത്രി 11.30 വരെ 2.5 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത (Alert) പാലിക്കണമെന്ന് നിർദേശമുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 12 മണിക്കൂറിൽ വടക്ക്, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ, വെസ്റ്റ് ബംഗാൾ, വടക്കൻ ആന്ധ്രാ പ്രദേശ് തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: Heavy Rain in Kerala: കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
മധ്യ കിഴക്കൻ, തെക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന്(13 സെപ്റ്റംബർ) മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തെക്ക് - പടിഞ്ഞാറൻ, മധ്യ - പടിഞ്ഞാറൻ അറബിക്കടലിൽ ഇന്നു (സെപ്റ്റംബർ 13) മുതൽ 17 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...