തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഏഴാം തിയതി വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍, തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

5,6,7 തീയതികളിലാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇത് കണക്കിലെടുത്ത് ഈ മൂന്നു ദിവസം ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ, മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ഉള്‍ക്കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.


മേൽ പറഞ്ഞ മഴയുടെയും കാറ്റിന്‍റെയും  സാഹചര്യം പരിഗണിച്ചുകൊണ്ട് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ  പൊതുജനങ്ങൾ ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക


1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം
2. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത് .
3. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
4. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
5. ഒരു കാരണവശാലും നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത്
6. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കൽ ഒഴിവാക്കുക.
7. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക
8. കാറ്റിന്‍റെ സാഹചര്യത്തിൽ മരങ്ങളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങൾ നിർത്തിയിടരുത്.
9. മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം.
10. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്തു സൂക്ഷിക്കുക.
11. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്‍ദ്ദേശം നല്കുക.


12. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക
Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
Alappuzha ആലപ്പുഴ MW (AM Channel): 576 kHz
Thrissur തൃശൂര്‍ MW (AM Channel): 630 kHz
Calicut കോഴിക്കോട് MW (AM Channel): 684 kHz


13. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ നമ്പര്‍ 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ അതാതു ജില്ലകളുടെ STD code ചേര്‍ക്കുക. 
14. പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.
15. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഉള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍ ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
16. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.