ഷഹ്ലയുടെ മരണ൦: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ചീഫ് സെക്രട്ടറിയോടും ആരോഗ്യവകുപ്പ് സേക്രട്ടറിയോടും മറുപടി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പാമ്പു കടിയേറ്റ് ഷഹ്‌ല മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ചീഫ് സെക്രട്ടറിയോടും ആരോഗ്യവകുപ്പ് സേക്രട്ടറിയോടും മറുപടി നല്‍കാനും നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.
സ്കൂളില്‍ പരിശോധന നടത്തിയ ജില്ലാ ജഡ്ജി സംഭവത്തില്‍ സ്കൂളിന്‍റെ ഭാഗത്ത് വലിയ പിഴവുണ്ടായെന്ന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.
ഷഹ്‌ല മരിച്ചത് അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥമൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്രമല്ല സ്കൂള്‍ പരിശോധിച്ച് പ്രവര്‍ത്തിക്കാന്‍ യോഗ്യതയുള്ളതാണെന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ സര്‍ട്ടിഫിക്കറ്റും സ്കൂളില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് സ്കൂളില്‍ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സ്‌കൂളിന്‍റെ പരിസരം വ്യത്തിഹീനമാണെന്നും ക്ലാസ് മുറിക്കുള്ളില്‍ പാമ്പിന് കയറാവുന്ന വലിയ മാളങ്ങളുണ്ടെന്നും അതുപോലെ സ്‌കൂളിലെ ടോയ്‌ലറ്റുകള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.