Interfaith marriage: തടസ്സങ്ങളില്ലാതെ ജോയ്സ്നയ്ക്കും ഷിജിനും മുന്നോട്ട് പോകാം; ഇനി അവർ തീരുമാനിക്കട്ടെ: ഹൈക്കോടതി
മിശ്ര വിവാഹം നടത്തിയതിന്റെ പേരിൽ വിവാദത്തിൽപ്പെട്ട ദമ്പതികളുടെ കേസിൽ അവർക്ക് മുന്നോട്ട് പോകാമെന്ന തീരുമാനവുമായി ഹൈക്കോടതി. ജോയ്സനയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം
കൊച്ചി: കോഴിക്കോട് കോടഞ്ചേരിയിൽ മിശ്ര വിവാഹം കഴിച്ച ജോയ്സ്നക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രാപ്തി ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജോയ്സ്നയുടെ അച്ഛൻ ജോസഫ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സി എസ് സുധ അധ്യക്ഷയായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി ഹൈക്കോടതി തീർപ്പാക്കി.
ജോയ്സ്നക്ക് ഷിജിനൊപ്പം പോകാനുള്ള അനുമതിയും കോടതി നൽകി. ജോയ്സ്നക്ക് 26 വയസ് പ്രായം ഉണ്ടെന്നും വിദേശത്ത് ജോലി ചെയ്തിട്ടുണ്ടെന്നും സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പക്വത ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
മകളെ നിർബന്ധപൂർവ്വം തട്ടിക്കൊണ്ടു വന്നതാണ് എന്നാണ് ജോയ്സ്നയുടെ പിതാവ് ജോസഫ് കോടതിയെ അറിയിച്ചത്. ജോയ്സ്നയും ഷിജിനും രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ജോസഫ് കോടതിയിൽ പറഞ്ഞു.
എന്നാൽ താൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണെന്നും ഒരു തരത്തിലുള്ള സമ്മർദ്ദവും തനിക്കു മുകളിൽ ഇല്ലന്നും ജോയ്സ്ന കോടതിയെ അറിയിച്ചു. ഇതോടെ ജോയ്സ്ന അനധികൃതമായ കസ്റ്റഡിയിലാണെന്ന് പറയാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
വിദേശത്ത് പോകുന്ന കാര്യം ഉൾപ്പെടെ അവർക്ക് തീരുമാനിക്കാൻ അവകാശമുണ്ടെന്നും കോടതികൾക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ രണ്ട് പേർ ഇനിയെന്ത് ചെയ്യണമെന്ന് അവർ തന്നെ തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...