`ഹിന്ദു പാകിസ്ഥാന്‍` പരാമര്‍ശം: തരൂരിനെ പിന്തുണച്ച് ചെന്നിത്തല
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍റെ `ഹിന്ദു-പാകിസ്ഥാന്‍` പരാമര്‍ശത്തിന് പൂര്‍ണ്ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍റെ 'ഹിന്ദു-പാകിസ്ഥാന്‍' പരാമര്‍ശത്തിന് പൂര്‍ണ്ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തരൂരിന്‍റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടി സംസ്ഥാന നേതൃത്വം ഒന്നടങ്കം തരൂരിനോപ്പമാണെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, തരൂരിന് പിന്തുണയുമായി വി ഡി സതീശന്‍ എംഎല്‍എയും വി ടി ബല്‍റാംഎംഎല്‍എയും മുന്‍പ് തന്നെ രംഗത്തെത്തിയിരുന്നു.
ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യ ഒരു 'ഹിന്ദു-പാകിസ്ഥാന്‍' ആയി മാറുമെന്ന് അഭിപ്രായപ്പെട്ടതിന്‍റെ പേരില്‍ ശശി തരൂര്‍ എംപിയെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണനയുള്ള, സ്റ്റേറ്റ് മതകാര്യങ്ങളില്‍ നിന്ന് പരമാവധി അകന്നുനില്‍ക്കുന്ന ഒരു മതേതര രാജ്യമാവുക എന്നതാണ് ഇന്ത്യ മുന്നോട്ടു വയ്ക്കുന്ന ആശയമെന്ന് വി ടി ബല്‍റാം പറഞ്ഞു.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് മൂന്ന് വര്‍ഷം മുന്‍പ് ഇട്ട ഈ ഫേസ്ബുക്ക് പോസ്റ്റില്‍ താനും 'ഹിന്ദു പാകിസ്ഥാന്‍' എന്ന പ്രയോഗം ഉപയോഗിച്ചിട്ടുണ്ടെന്നും പിന്നീട് പലയാവര്‍ത്തി പ്രസംഗങ്ങളില്‍ ഉപയോഗിച്ചിട്ടുമുണ്ടെന്നും വി.ടി ബല്‍റാം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ:
ഇന്ത്യയെ ഒരു "ഹിന്ദു പാകിസ്ഥാന്‍" ആക്കുകയാണ് സംഘ് പരിവാറിന്‍റെ ലക്ഷ്യം എന്ന് തുറന്ന് പറഞ്ഞതിന്‍റെ പേരില്‍ എന്തിനാണ് എഴുത്തുകാരനും പാര്‍ലമെന്റേറിയനുമായ ഡോ. ശശി തരൂര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുന്നതെന്ന് മനസ്സിലാവുന്നില്ല. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണനയുള്ള, സ്റ്റേറ്റ് മതകാര്യങ്ങളില്‍ നിന്ന് പരമാവധി അകന്നുനില്‍ക്കുന്ന ഒരു മതേതര രാജ്യമാവുക എന്നതാണ് ഇന്ത്യ മുന്നോട്ടു വക്കുന്ന ആശയം. മത, ജാതി, ഭാഷ, വര്‍ഗ, വര്‍ണ്ണ ബഹുസ്വരതാ ബാഹുല്യമുള്ള ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് മുന്നിലുള്ള ഏക സാധ്യതയും ഇതിലേതിന്‍റെയെങ്കിലും പക്ഷം പിടിക്കാത്ത ഒരു മതേതര രാജ്യമാവുക എന്നതാണ്. എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് മതരാജ്യങ്ങളുടെ സങ്കല്‍പ്പം. ഭൂരിപക്ഷ മതത്തിന് സ്റ്റേറ്റിന്‍റെ പ്രത്യേക പരിഗണന ലഭിക്കുന്ന മതരാജ്യങ്ങളില്‍ മറ്റ് ന്യൂനപക്ഷ മതസ്ഥര്‍ സ്വാഭാവികമായിത്തന്നെ രണ്ടാം കിട പൗരന്മാരാവുന്നു. ഇത്തരം മതരാജ്യങ്ങള്‍ക്ക്
നമുക്ക് ചൂണ്ടിക്കാണിക്കാന്‍ തൊട്ടയല്‍പ്പക്കത്തുള്ള ഉദാഹരണങ്ങളാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനമൊക്കെ. ആ നിലക്ക് പാകിസ്ഥാന്‍ ഇന്ത്യക്ക് ഒരു പാഠമാണ്; ഇന്ത്യ എന്താകണം എന്നതിന്‍റെയല്ല എന്താകരുത് എന്നതിന്‍റെ പാഠം.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് മൂന്ന് വര്‍ഷം മുന്‍പ് ഇട്ട ഈ ഫേസ്ബുക്ക് പോസ്റ്റില്‍ ഞാനും ഉപയോഗിച്ചിട്ടുണ്ട് "ഹിന്ദു പാകിസ്ഥാന്‍" എന്ന പ്രയോഗം. പിന്നീട് പലയാവര്‍ത്തി പ്രസംഗങ്ങളില്‍ ഉപയോഗിച്ചിട്ടുമുണ്ട്. ഡോ. ശശി തരൂരിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് ആര്‍എസ്‌എസിനെതിരായ ആ വിമര്‍ശനം ആവര്‍ത്തിക്കുന്നു, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ ഹിന്ദു പാകിസ്ഥാൻ പ്രയോഗം തന്‍റെതാണെന്ന് അവകാശപ്പെട്ട് സീതാറാം യെച്ചൂരിയും രംഗത്തെത്തി. തന്‍റെ പ്രശസ്തമായ പാർലമെന്റ് പ്രസംഗത്തിൽ താന്‍ ആ പരാമര്‍ശം നടത്തിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. മോദി ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കുകയാണ് എന്നാണ് താൻ പറഞ്ഞതെന്നും സീതാറാം യെച്ചൂരി കൊൽക്കത്തയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.