ഇ.പി ജയരാജനെ പിന്തുണച്ച് പിണറായി വിജയൻ; അഞ്ജുവിനോട് മോശമായി പെരുമാറിയില്ല
സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ അഞ്ജു ബേബി ജോർജിനോട് കായിക മന്ത്രി ഇപി ജയരാജന്‍ മോശമായി പെരുമാറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് പിണറായി ഇപി ജയരാജനെ പിന്തുണച്ച് പറഞ്ഞത്.
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ അഞ്ജു ബേബി ജോർജിനോട് കായിക മന്ത്രി ഇപി ജയരാജന്‍ മോശമായി പെരുമാറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് പിണറായി ഇപി ജയരാജനെ പിന്തുണച്ച് പറഞ്ഞത്.
വിമാനയാത്രയെ പറ്റി ചോദിക്കുന്നത് എങ്ങനെ അപമര്യാദയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. മുന്‍ സര്‍ക്കാര്‍ അഞ്ജുവിന്‍റെ സേവനം ലഭിക്കുന്നതിന് വേണ്ടിയായിരിക്കും വിമാനയാത്രക്ക് അനുമതി നൽകിയത്.എന്നാല്‍ ഇത് ശരിയായ രീതിയല്ലെന്നാണ് അഞ്ജുവിനോട് പുതിയ കായിക മന്ത്രി പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഞ്ജുവിനെ രാഷ്ട്രീയത്തിന്‍റെ ആളായിട്ടല്ല കാണുന്നതെന്ന് താൻ പറഞ്ഞിരുന്നു. വളരെ നല്ല നിലയിലാണ് താനുമായുള്ള കൂടിക്കാഴ്ച അവസാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ അഞ്ജു നേരിട്ടു മുഖ്യമന്ത്രിയേ കണ്ട്,കായിക മന്ത്രി തന്നോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രി അവരെ ആശ്വസിപ്പിച്ചു മടക്കുകയും ചെയ്തു . അഞ്ജു അടക്കം സ്പോർട്സ് കൗൺസിലിൽ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയെന്നാണ് പരാതി നല്‍കിയത്.