`ഐ മിസ് യൂ ഡാ പൊറോട്ട`, വൈറലായി പൊറോട്ട പാട്ട്
സർക്കാർ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ സാഹചര്യത്തിൽ വൻ ചർച്ചയാണ് പൊറോട്ടയുടെ പേരിൽ നടക്കുന്നത്
പൊറോട്ട ഇഷ്ടപ്പെടാത്ത മലയാളിയുണ്ടോ? ഇഷ്ടപ്പെടാത്തവർ കുറവാണ്. മലയാളിയുടെ പ്രിയപ്പെട്ട പൊറോട്ട, പൊറോട്ട ബീഫ്, പൊറോട്ട ചിലി ചിക്കൻ എന്തിന് പരിപ്പ് കറിയുടെ കൂടെ വരെ പൊറോട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്.
സർക്കാർ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ സാഹചര്യത്തിൽ വൻ ചർച്ചയാണ് പൊറോട്ടയുടെ പേരിൽ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒരുപറ്റം യുവാക്കൾ പൊറോട്ട ഗാനവുമായി രംഗത്തെത്തിട്ടിരിക്കുന്നത്.
"ഐ മിസ് യു ഡാ പൊറോട്ട" എന്നാണ് പാട്ടിന്റെ പേര്. ലോക്ക്ഡൗണ്‍ കാലത്ത് മലയാളികള്‍ ഏറ്റവും മിസ്സ് ചെയ്ത ഒരു ഭക്ഷണമാണ് പൊറോട്ടയെന്നാണ് വീഡിയോയില്‍ പറയുന്നത്. വീട്ടില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും നമ്മുടെ ഇഷ്ട ഹോട്ടലില്‍ നിന്നും ഇഷ്ടപ്പെട്ട കറിയുടെ ഒപ്പം കഴിക്കുന്നതിന്റെ സുഖം കിട്ടാത്തതുകൊണ്ട് ആസ്വദിച്ചു കഴിക്കാന്‍ പറ്റിയില്ലെന്നും പാട്ടിലൂടെ ഇവര്‍ പറയുന്നു.
സിയ ഉള്‍ഹക്ക്, സച്ചിന്‍ രാജ്, സുധീഷ് കുമാര്‍ എന്നിവരാണ് പാട്ടിന്റെ ആശയത്തിന് പിന്നിലെ മൂവര്‍സംഘം. ഇവര്‍ തന്നെയാണ് വീഡിയോയില്‍ ഗാനം പാടി അവതരിപ്പിച്ചിരിക്കുന്നത്. രമേശ് കാവിലിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സാമുവല്‍ എബിയാണ്. അവനിയര്‍ ടെക്‌നോളജീസിന്റെ ബാനറില്‍ ഇര്‍ഷാദ് എം. ഹസനാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.