ചെറുതോണി: കനത്തമഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്നു. ജലനിരപ്പ് താഴാത്തതിനാലാണ് അഞ്ചാമത്തെ ഷട്ടറും തുറക്കേണ്ടി വന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് ഷട്ടറുകള്‍ ഒരു മീറ്ററും രണ്ടെണ്ണം അര മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്‍റില്‍ ആറുലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്‌. ഘട്ടംഘട്ടമായി എഴുലക്ഷമാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്.


രാവിലെ ഏഴ് മണിയോടെ രണ്ടാമത്തെ ഷട്ടറും പതിനൊന്നര മണിയോടെ മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തിയിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നാലാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്‌. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ അഞ്ചാമത്തെ ഷട്ടറും തുറന്ന് വെള്ളം ഒഴുക്കിവിടുകയായിരുന്നു.


ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റേയും ചെറുതോണി പുഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടങ്ങള്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഇടുക്കി അണക്കെട്ടിലെ പരമാവധി ജലനിരപ്പ്‌ 2403 അടിയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 2401.60 അടിയായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഒന്നര അടികൂടി ജലനിരപ്പ്‌ ഉയര്‍ന്നാല്‍ അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷിയിലേക്കെത്തും.


അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ഇടുക്കി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്ന സാഹചര്യം കണക്കിലെടുത്ത് തൃശൂര്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.