ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2400 അടിയിലേക്ക്; ട്രയല്‍ റണ്‍ തുടരും
നാളെ രാവിലെ ചെറുതോണി ഡാമിന്റെ ഒന്നിലേറെ ഷട്ടറുകള്‍ ഒരേസമയം തുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചെറുതോണി: ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ദ്ധിക്കുകയാണ്. കേരളാ ദുരന്ത നിവാരണ അതോറിറ്റി ഏഴ് മണിക്ക് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ജലനിരപ്പ് 2399. 90 അടിയായി ഉയര്‍ന്നു.
ട്രയല്‍ റണ്ണിന്‍റെ ഭാഗമായി ഡാമിലെ മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. ഷട്ടര്‍ ഉയര്‍ത്തിയെങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 12.30ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2398.98 അടിയായിരുന്നു ജലനിരപ്പ്. 50 സെ.മീ ഓളം പൊക്കത്തിലാണ് ഷട്ടര്‍ ഉയര്‍ത്തിയത്. എന്നാല്‍ രണ്ടരമണിക്കൂര്‍ കഴിഞ്ഞിട്ടും ഡാമിലെ ജലനിരപ്പ് കുറയുന്നതിന് പകരം 2399.58 അടിയായി ഉയരുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഉയര്‍ന്ന് 2399. 90 അടിയായി.
അതേസമയം നാളെ രാവിലെ ചെറുതോണി ഡാമിന്റെ ഒന്നിലേറെ ഷട്ടറുകള്‍ ഒരേസമയം തുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാത്രി നീരൊഴുക്ക് ഇതേനിലയില്‍ തുടര്‍ന്നാലും ഡാമിന്റെ പരമാവധി സംഭരണശേഷിയായ 2403 അടിവരെ എത്തില്ലെന്ന് കെഎസ്ഇബി അധികൃതരുടെ വിലയിരുത്തല്‍.
നിലവില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന അതേ അളവില്‍ തന്നെ ഇന്ന് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
അടിയന്തിരസാഹചര്യം നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയേയും സജ്ജമാക്കിയിട്ടുണ്ട്.