സ്വപ്‌നയുടെ മൊഴിക്ക് വിശ്വാസ്യതയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാർ തയ്യാറാണോ ? വി.ഡി. സതീശൻ
സരിതയ്ക്ക് ഉണ്ടായിരുന്ന വിശ്വാസ്യത സ്വപ്‌ന സുരേഷിന് ഇല്ലാതാക്കുന്നത് എങ്ങനെയാണ്?
തിരുവനന്തപുരം : സരിത നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അവരില്‍ നിന്നും പരാതി എഴുതി വാങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടയാളാണ് പിണറായി വിജയന്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സരിതയ്ക്ക് ഉണ്ടായിരുന്ന വിശ്വാസ്യത സ്വപ്‌ന സുരേഷിന് ഇല്ലാതാക്കുന്നത് എങ്ങനെയാണ്? അവരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനുമാണ് പിണറായി വിജയനും സി.പി.എമ്മും എല്‍.ഡി.എഫും ശ്രമിച്ചത്. ഇപ്പോള്‍ അവര്‍ക്ക് തന്നെ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയാണ്. അന്ന് ചെയ്തതിനൊക്കെ കാലം ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഇതേ മൊഴി തന്നെയാണ് സ്വപ്ന മജിസ്‌ട്രേറ്റിനും ഇ.ഡിക്കും നല്‍കിയത്. കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വവുമായി സി.പി.എം ധാരണയിലായതിനാല്‍ സ്വപ്‌നയുടെ മൊഴിയില്‍ ഇ.ഡിയും കേസെടുക്കില്ല. മൊഴി തെറ്റാണെങ്കില്‍ മുഖ്യമന്ത്രിയും കൂട്ടരും അതേ കോടതിയില്‍ നിയമപരമായി ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് കാട്ടി അതേ കോടതിയില്‍ കേസ് കൊടുക്കാതെ ഷാജ് കിരണിനെ അയയ്ക്കുകയും ഒപ്പമുണ്ടായിരുന്നയാളെ തട്ടിക്കൊണ്ടു പോകുകയുമാണ് സര്‍ക്കാര്‍ ചെയ്തത്.
സ്വപ്‌നയുടെ മൊഴിക്ക് വിശ്വാസ്യതയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. ആരോപണവിധേയരായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും മുന്‍ സ്പീക്കറും നിരപരാധിത്വം തെളിയിക്കാന്‍ തയാറാകണം. ഇക്കാര്യങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധ പുലര്‍ത്തണം. അതുകൊണ്ടാണ് എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. സി.പി.എമ്മിലെ എത്ര നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. ഞരമ്പ് രോഗം ഉണ്ടായിരുന്ന നിരവധി പേര്‍ ഉണ്ടായിട്ടും പാര്‍ട്ടി കമ്മിഷന്‍ ചര്‍ച്ച ചെയ്ത് സി.പി.എം തന്നെ കോടതിയും പൊലീസ് സ്റ്റേഷനുമായി പ്രവർത്തിച്ചെന്നും സതീശൻ പറഞ്ഞു.
പര്‍ട്ടിക്കുള്ളില്‍ ആരോപണം ഉണ്ടായാലും പൊലീസിന് കൈമാറണമായിരുന്നു. അതു ചെയ്യാതെ പാര്‍ട്ടി പൊലീസും കോടതിയുമാകുന്നത് ശരിയല്ല. അങ്ങനെയെങ്കില്‍ നാട്ടില്‍ കോടതികളുടെയും പൊലീസ് സ്റ്റേഷനുകളുടെയും ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇങ്ങനെയുള്ളവരാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. എല്‍ദോസിനെതിരെ ആരോപണം വന്നപ്പോള്‍ രാഷ്ട്രീയ പ്രേരിതമെന്നോ പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ലെന്നോ കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ആരോപണ വിധേയനെതിരെ നടപടി എടുക്കുകയാണ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...