തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയുടെ മേശപ്പുറത്തു വച്ച കേരളരാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കും മുന്‍മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രിമാര്‍ക്കുമെതിരെ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ഉപഭോക്താക്കളെ വഞ്ചിക്കാൻ ഉമ്മൻചാണ്ടിയും പേഴ്സണൽ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്ന് വ്യക്തമാക്കുന്നതാണ് കമ്മീഷൻ റിപ്പോര്‍ട്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷമുള്ള സർക്കാർ നടപടികൾ സുതാര്യമല്ലെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. റിപ്പോർട്ടിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ പോലും അറിയിച്ചില്ലെന്നും, ഇത് സോളാർ കമ്മീഷൻ റിപ്പോർട്ടാണോ അതോ സരിത റിപ്പോർട്ടാണോ എന്ന് സംശയമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.  ഇപ്പോഴത്തെ സർക്കാർ പ്രതികാര രാഷ്ട്രീയത്തിന്‍റെ പാതയിലേക്കാണ് സഞ്ചരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഒരു കത്തിന്‍റെ പേരിൽ മാത്രമാണ് കേസെടുക്കുന്നത്. സരിതയുടെ കത്ത് റിപ്പോർട്ടിൽ രണ്ടു പ്രവാശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടിന്‍റെ ഒരു ബുക്കിൽ കമ്മീഷൻ ഒപ്പിടാതിരുന്നതെന്തുകൊണ്ടെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. ഇക്കാര്യത്തിൽ സംശയങ്ങളുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.


ഇന്നലെ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സർക്കാർ ഇന്ന് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഒരു നടപടിയിലും ആശങ്കയില്ലെന്നും അന്വേഷണം നേരിടുമെന്നും തനിക്കെതിരെയുള്ള രണ്ട് ആരോപണങ്ങളിൽ ഏതെങ്കിലും ഒന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയാറാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.