IFFK 2022: വാർധക്യത്തിൻ്റെ ആകുലതകൾ തുറന്നുകാട്ടുന്ന ഒൻപത് ചിത്രങ്ങൾ; ചലച്ചിത്രമേളയ്ക്കൊരുങ്ങി തലസ്ഥാന നഗരി
മലയാള സിനിമകളായ `നോർത്ത് 24 കാതം`, `മാർഗം`, `ആർക്കറിയാം`, `ഉദ്ധരണി` എന്നിവയും വാർദ്ധക്യം പ്രമേയമാക്കിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളും രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.
തിരുവനന്തപുരം: വാർദ്ധക്യത്തിൻ്റെ ആകുലതകൾ തുറന്ന് കാട്ടുന്ന ഒൻപത് ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ. നാടുവിട്ടു പോയ മകനെ കാത്തിരിക്കുന്ന വൃദ്ധപിതാവിന്റെ വേദനകളുടെ കഥപറയുന്ന കെ.എസ് സേതുമാധവൻ ചിത്രം 'മറുപക്കം' മുതൽ ചൂതാട്ടക്കാരുടെ സംഘത്തിൽ നിന്നും മകനെ രക്ഷിക്കാനിറങ്ങുന്ന പിതാവിന്റെ വേദനകൾ പങ്കുവയ്ക്കുന്ന ജോർജിയൻ ചിത്രം 'ബ്രൈറ്റൻ ഫോർത്ത്' വരെ ഉൾപ്പെടുന്ന ചിത്രങ്ങൾ മേളയിൽ വിവിധ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സ്പാനിഷ് ചിത്രം 'പെർഫ്യൂം ഡി ഗാർഡിനിയസ്', കൊവിഡ് ബാധയെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയൻ വനിതയുടെ കഥ പറയുന്ന 'നയന്റീൻ', അരവിന്ദ് പ്രതാപിന്റെ 'ലൈഫ് ഈസ് സഫറിങ്; ഡെത്ത് ഈസ് സാൽവേഷൻ' എന്നീ ചിത്രങ്ങൾ വാർദ്ധക്യത്തിന്റെ പ്രശ്നങ്ങളെ പ്രമേയമാക്കിയാണ് നിർമ്മിച്ചിട്ടുള്ളത്. മലയാള സിനിമകളായ 'നോർത്ത് 24 കാതം', 'മാർഗം', 'ആർക്കറിയാം', 'ഉദ്ധരണി' എന്നിവയും വാർദ്ധക്യം പ്രമേയമാക്കിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളും രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.
മറ്റന്നാൾ കനക്കുന്നിലെ നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 15 തിയേറ്റുകളിലായി 173 ചിത്രങ്ങൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് എന്നിവ ഉൾപ്പടെ എഴ് പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 18 ന് തുടങ്ങുന്ന മേളയ്ക്കായി എല്ലാ ഒരുക്കങ്ങളും തിയേറ്ററുകളിൽ പൂർത്തിയായി.
2015 ൽ തുർക്കിയിലെ പൊതുതെരഞ്ഞെടുപ്പിനിടെ ഐഎസ് ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട മിഡിൽ ഈസ്റ്റ് സിനിമ അക്കാദമി പ്രവർത്തക ലിസ കലാലിനെ മേളയിൽ ആദരിക്കും. ഹോമേജ് വിഭാഗത്തിൽ ബുദ്ധദേവ് ദാസ് ഗുപ്ത, ദിലീപ് കുമാർ, ലത മങ്കേഷ്കർ, കെ. സേതുമാധവൻ, പി. ബാലചന്ദ്രൻ, മാടമ്പ് കുഞ്ഞുകുട്ടൻ, ഡെന്നീസ് ജോസഫ്, നെടുമുടി വേണു, കെ.പി.എ.സി ലളിത എന്നിവരുടെ സിനിമകളും പ്രദർശിപ്പിക്കും.
ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജാണ് ഇക്കുറി നടക്കുന്ന മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അഫ്ഗാൻ, ബര്‍മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഈ വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായി തിയേറ്ററുകളിലെ മുഴുവൻ സീറ്റുകളിലും സിനിമാപ്രേമികൾക്ക് പ്രവേശനം അനുവദിക്കുന്നുവെന്ന പ്രത്യേകത കൂടി 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...