തിരുവനന്തപുരം : ബന്ധുക്കള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നല്‍കിയ നിയമനങ്ങള്‍ക്ക് വിശദീകരണം നല്‍കി മുന്‍ മന്ത്രി ഇ പി ജയരാജന്‍ നിയമസയില്‍. തന്‍റെ രക്തത്തിനായി ദാഹിച്ച പ്രതിപക്ഷം മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ടയാടിയെന്ന് ജയരാജന്‍ ആരോപിച്ചു.നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് ജയരാജന്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. നിയമത്തിനനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചത്. അഴിമതി വിരുദ്ധ നിലപാടാണ് കൈക്കൊണ്ടത്. കേരളത്തിലെ വ്യവസായം തകര്‍ക്കാന്‍ മാഫിയകള്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ നിന്നപ്പോഴാണ് തനിക്കെതിരെ മാധ്യമങ്ങളുടെ പിന്തുണയോടെ പ്രതിപക്ഷം തിരിഞ്ഞത്. പോരാടിയത് രാജ്യത്തിന് വേണ്ടിയാണെന്നും ജയരാജന്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.


പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമന ക്രമക്കേട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ട് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയായിരുന്നു ജയരാജന്‍റെ പ്രത്യേക പ്രസ്താവന. 


ഭരണസ്തംഭനം ഒഴിവാക്കുന്നതിന് വേണ്ടിയാണ് നിയമനം റദ്ദാക്കിയത്. റിയാബിന്‍റെ പാനലില്‍ നിന്നാണ് നിയമനങ്ങള്‍ നടത്തിയതെന്നും ജയരാജന്‍ പറഞ്ഞു. സുധീര്‍ നമ്പ്യാരെ നിയമിച്ചെങ്കിലും സ്ഥാനമേറ്റെടുക്കാന്‍ അദ്ദേഹം സമയം നീട്ടിച്ചോദിച്ചെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 


അതിനിടെ, ജയരാജന്‍റെ പ്രസ്താവനയില്‍ പി.ടി തോമസിന്‍റെപേര് ഉദ്ധരിച്ചതോടെ എതിര്‍പ്പുമായി പി.ടി തോമസും എഴുന്നേറ്റു. പ്രസ്താവനയ്ക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായി. ചില നിയമനങ്ങള്‍ പി.ടി തോമസുമായി ആലോചിച്ച് നടത്തിയെന്ന പരാമര്‍ശമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. 


ബന്ധുനിയമന വിവാദത്തെതുടര്‍ന്ന്‍ മന്ത്രിസ്ഥാനം രാജിവച്ച ഇപി ജയരാജന്‍ രണ്ടാം നിരയിലാണ് ഇരുന്നത്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് സമീപത്തായിരുന്നു ജയരാജന്റെ സ്ഥാനം.