Illicit liquor: അനധികൃത മദ്യ വിൽപ്പന; വൈക്കത്ത് 46 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
One arrested with illicit liquor in Vaikom: ഡ്രൈ ഡേയിലും ഉത്സവ ആഘോഷങ്ങളിലും വിൽപ്പന നടത്താൻ സൂക്ഷിച്ച മദ്യമാണ് എക്സൈസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
കോട്ടയം: വൈക്കത്ത് അനധികൃതമായി വിൽപ്പന നടത്താൻ വീട്ടിൽ സൂക്ഷിച്ച 46 കുപ്പി വിദേശ മദ്യം എക്സൈസ് റെയ്ഡിൽ പിടികൂടി. ചെമ്പ് വാലയിൽ മുട്ടും ചിറയിൽ സജിമോനെയാണ് വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സ്വരൂപിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഡ്രൈ ഡേയിലും ഉത്സവ ആഘോഷങ്ങളിലും വിൽപ്പന നടത്താൻ സൂക്ഷിച്ച മദ്യമാണ് പിടിച്ചെടുത്തത്.
വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം സജിമോൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ അര ലിറ്റർ വീതമുള്ള 46 കുപ്പി മദ്യം കണ്ടെത്തുകയായിരുന്നു. മദ്യക്കുപ്പികൾ പ്ലാസ്റ്റിക് ചാക്കിലാക്കി കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു.
ALSO READ: ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിൽ കാൻസറിന് കാരണമാകുന്ന രാസവസ്തു; പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്
വൈക്കം, തലയോലപ്പറമ്പ്, മുളന്തുരുത്തി എന്നിവടങ്ങളിലെ ബിവറേജ് ഷോപ്പുകളിൽ നിന്നായി മൂന്ന് ലിറ്റർ വീതം പല തവണകളിലായി വാങ്ങി സംഭരിക്കുകയായിരുന്നു സജിമോൻ. 46 കുപ്പികളിലായി 23 ലിറ്റർ മദ്യവും 2700 രൂപയും ബിവറേജ് ബില്ലുകളും കണ്ടെത്തി. ഇതിനു മുമ്പും സജിമോനെതിരെ അനധികൃത മദ്യ വിൽപ്പന നടത്തിയതായി എക്സൈസിനും പോലീസിനും പരാതി ലഭിച്ചിരുന്നു. എന്നാൽ അന്ന് നടത്തിയ പരിശോധനകളിലൊന്നും മദ്യം കണ്ടെത്താനായില്ല.
വൈക്കം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ കെ.പി.റെജി,ആർ. സന്തോഷ്, പ്രിവൻ്റീവ് ഓഫീസർ അശോക് ബി.നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.കെ.രതീഷ്, അമൽ വി.വേണു, എൻ. ഷെറീന തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...