PFI നിരോധനം; ക്രമസമാധാന പ്രശ്നങ്ങളിൽ ആശങ്ക വേണ്ട; മുഖ്യമന്ത്രിയും ഡിജിപിയും തമ്മിൽ കൂടിക്കാഴ്ച
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയെ കണ്ടത്
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുമായി ചർച്ച നടത്തി. ക്രമസമാധാന പ്രശ്നങ്ങളിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോട് പറഞ്ഞു. കേന്ദ്ര വിജ്ഞാപനം പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം സ്വീകരിച്ച നടപടികൾ ഡിജിപിയും എഡിജിപിയും മുഖ്യമന്ത്രിയോട് വിശദീകരിച്ചു. തുടർനടപടികളിൽ ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും.
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം അഞ്ച് വർഷത്തേക്ക് നിരോധിച്ചതിന് പിന്നാലെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയെ കണ്ടത്. രാജ്യവ്യാപക റെയ്ഡുകളും അറസ്റ്റുകളും ഉണ്ടായ സാഹചര്യത്തിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തൽ രഹസ്യന്വേഷണ വിഭാഗത്തിന് ഉൾപ്പെടെ ഉണ്ടായിരുന്നു. എന്നാൽ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ക്രമസമാധാന പ്രശ്നങ്ങളുള്ള മേഖലകൾ യാതൊരു സ്ഥലത്തുമില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു.
പോപ്പുലർ ഫ്രണ്ടിനൊപ്പം എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളോടും അടിയന്തര നടപടി സ്വീകരിക്കാനാണെന്ന് നിർദ്ദേശം. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളിൽ വൈകാതെ തന്നെ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കും.
ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് വരുന്നതിന് പിന്നാലെ ജില്ലാ പോലീസ് മേധാവിമാർക്ക് പ്രത്യേക സർക്കുലറിലൂടെ ഡിജിപി നിർദ്ദേശം നൽകും. ശേഷം, ജില്ലാ പൊലീസ് മേധാവിമാരും റേഞ്ച് ഐജിമാരും ചേർന്ന് ഡിഐജിമാർക്കും അസിസ്റ്റൻ്റ് കമ്മീഷണർമാർക്കും നിർദ്ദേശങ്ങൾ കൈമാറും. നിലവിലെ സാഹചര്യത്തിൽ തൽസ്ഥിതി അതേപടി നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...