തൃപ്പൂണിത്തുറ: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ താൻ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

 അതുകൂടാതെ, പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ താന്‍ മഠത്തില്‍ താമസിച്ചിട്ടില്ല എന്നും ദുരുദ്ദേശ്യമാണ് പരാതിയുടെ പിന്നിലെന്നും ബിഷപ്പ് ആവര്‍ത്തിച്ചു.  


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 11 മണിയ്ക്കാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ചോദ്യംചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. കോട്ടയം എസ്പി ഹരിശങ്കറും ഡിവൈഎസ്പി കെ.സുഭാഷുമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. കൊച്ചി ഡിസിപിയും വൈക്കം ഡിവൈഎസ്പിയും ഒപ്പമുണ്ട്. തങ്ങള്‍ തയ്യാറാക്കിയിരിക്കുന്ന ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം, അറസ്റ്റ് അത്യാവശ്യമായി വന്നാലുള്ള ക്രമീകരണങ്ങളും തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് മെഡിക്കൽ സംഘവും ചോദ്യം ചെയ്യൽ കേന്ദ്രത്തിലുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ അറസ്റ്റ് കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.


അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളുള്ള മുറിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. മുറിയിൽ അ‍ഞ്ച് ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്‍റെ മൊഴി എടുക്കുന്നത് പൂ‍‍ർണമായും ചിത്രീകരിക്കാനും മുഖഭാവങ്ങളടക്കമുള്ളവ പരിശോധിക്കാനുമാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ചോദ്യം ചെയ്യല്‍ പൂര്‍ണമായും ചിത്രീകരിക്കും. ചോദ്യം ചെയ്യല്‍ തത്സമയം മേലുദ്യോസ്ഥര്‍ക്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.


അതേസമയം, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാംകുളം ഐ.ജി ഓഫിസിലേക്ക് സേവ് അവര്‍ സിസ്‌റ്റേര്‍സ് എന്ന ഫോറത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. സംവിധായകനും നടനുമായ ജോയ് മാത്യുവാണ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.