തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനം സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തുവച്ച് സമുചിതമായി ആചരിച്ചു. പെറ്റമ്മമാര്‍ നീക്കിവച്ചുപോയ കുരുന്നുകളെ വാരിയെടുത്ത് ജീവിതം നല്‍കാന്‍ സ്വയം സമര്‍പ്പിക്കപ്പെട്ട പോറ്റമ്മമാരെയാണ് സംസ്ഥാന ശിശുക്ഷേമ ഹാളില്‍ വച്ച് ആദരിച്ചത്. 15 വര്‍ഷത്തിനും 25 വര്‍ഷത്തിനുമിടയില്‍ മലപ്പുറം, തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ ജോലി ചെയ്തുവരുന്ന ഏറ്റവും മുതിര്‍ന്ന അമ്മമാരെയാണ് ആദരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നിന്നും മായാകുമാരി എസ്, ബിന്ദുമോള്‍ പി ജി, പത്മകുമാരി ബി, ജയ എല്‍, സെലീന എം, രാജി കെ എസ് എന്നിവരെയും മലപ്പുറം ദത്തെടുക്കല്‍ കേന്ദ്രത്തിലെ ആയമാരായ റാഫിയ എന്‍ കെ, നിര്‍മല കെ പി, ഹബ്സത്ത് കെ, പ്രേമലത പി കെ എന്നിവരെയുമാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. 


നവ കേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി എന്‍ സീമ വനിതാദിനം ഉദ്ഘാടനം ചെയ്ത് സ്നേഹാദരവുകള്‍ വിതരണം ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രഷറര്‍ കെ ജയപാല്‍ മുഖ്യപ്രഭാഷണം നടത്തി. വീട് ബാലികാമന്ദിരം മാനേജര്‍ സരിത എസ് സ്വാഗതവും സൂപ്രണ്ട് ഷീബ എല്‍ നന്ദിയും പറഞ്ഞു. ദത്തെടുക്കല്‍ കേന്ദ്രം മാനേജര്‍ വിനിത സി എം സംസാരിച്ചു. തുടര്‍ന്ന് അമ്മമാരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.