International Yoga Day 2022 : നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതം; മുഖ്യമന്ത്രി
International Yoga Day : ശരീരത്തിലെ മര്‍മ്മപ്രധാന ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നതിനാല്‍ ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിലും യോഗയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്.
തിരുവനന്തപുരം: നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ശരീരത്തിനും മനസിനും ഒരുപോലെ ഊര്‍ജം പ്രദാനം ചെയ്യുന്ന വ്യായാമമുറ എന്നതാണ് യോഗയുടെ അന്താരാഷ്ട്ര പ്രസക്തി. സമ്പൂര്‍ണ സ്വാസ്ഥ്യവും സമചിത്തതയും പ്രദാനം ചെയ്യാന്‍ യോഗയ്ക്ക് സാധിക്കും. ശരീരത്തിലെ മര്‍മ്മപ്രധാന ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നതിനാല്‍ ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിലും യോഗയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്.
സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കടക്കം യോഗയിലൂടെ മെച്ചപ്പെട്ട ആരോഗ്യവും മാനസിക ഉന്മേഷവും ലഭ്യമാക്കുക എന്നതാണ് യോഗദിന സന്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിന് അനുസൃതമായ പ്രവര്‍ത്തനം നടത്താന്‍ സാധിക്കട്ടെയെന്നും യോഗയുടെ ശാസ്ത്രീയ വശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് ഈ ദിനാചരണം ഉപകാരപ്രദമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ജീവിതശൈലിയിലും ആഹാര ശൈലിയിലും മാറ്റം വരുത്തണമെന്ന് ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ രണ്ട് കാര്യങ്ങളും ശ്രദ്ധിച്ചാല്‍ കേരളസമൂഹം അഭിമുഖീകരിക്കുന്ന ജീവിതശൈലീ രോഗങ്ങളെ കുറച്ച് കൊണ്ടുവരാനാകും. ആരോഗ്യമുള്ള ശരീരവും മനസും വ്യായാമവും നിത്യ ജീവിതത്തിന്റെ ഭാഗമാക്കണം. യോഗയിലൂടെ ഇത് വളരെപ്പെട്ടെന്ന് നേടിയെടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും രോഗമുക്തി നേടുന്നതിലും യോഗയ്ക്ക് പരമപ്രധാന സ്ഥാനമുണ്ട്. ഒരേസമയം മനസിനും ശരീരത്തിനും ശാന്തതയും പ്രസന്നതയും പ്രദാനം ചെയ്യുന്നു എന്നതാണ് യോഗയുടെ പ്രത്യേകത. പ്രകൃതിയുമായി ഏറെ ഇണങ്ങിനിന്നുകൊണ്ടുള്ള ഒരു ശാസ്ത്രം കൂടിയാണിത്. യോഗയും വിവിധ ചികിത്സാ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസിപ്പിച്ചു വരുന്ന ചികിത്സാ രീതികള്‍ ആതുര ശുശ്രൂഷാ രംഗത്ത് വളരെ ഫലപ്രദമായി തുടര്‍ന്നു വരുന്നു. സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കടക്കം യോഗയിലൂടെ മെച്ചപ്പെട്ട ആരോഗ്യവും മാനസിക ഉന്മേഷവും ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിനാണ് 'യോഗ ഫോര്‍ ഹ്യൂമാനിറ്റി' എന്ന തീം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ശരീരത്തിലും മനസിലും അടിഞ്ഞുകൂടിയിരിക്കുന്ന കാര്യങ്ങളെ നീക്കം ചെയ്യുന്നതിന് യോഗ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...