മമ്മൂക്കയും ഭാസ്കരനും; ഫാൻസ് അസോസിയേഷൻ രൂപീകരണത്തിനു പിന്നിലുള്ള കഥ ഇങ്ങനെ
നീണ്ട 32 വർഷത്തിൻ്റെ പാരമ്പര്യവുമുണ്ട് ഫാൻസ് അസ്സോസിയേഷന്, ഭാസ്കരനും അശോകനും ചേർത്ത് കെട്ടിപ്പടുത്ത മമ്മൂക്ക ഫാൻസ് അസോസിയേഷൻ്റെ വിശേഷങ്ങൾ ഇങ്ങനെ.
തിരുവനന്തപുരം: മലയാളികളുടെ സ്വകാര്യ അഹങ്കാരം സൂപ്പർ സ്റ്റാർ മമ്മൂട്ടിയെക്കുറിച്ചാണ് ഇനി പറയുന്നത്. മമ്മൂക്കയുടെ പേരിൽ തലസ്ഥാനത്ത് ഫാൻസ് അസോസിയേഷൻ രൂപീകരിച്ചതിന് പിന്നിലൊരു മനുഷ്യനുണ്ട്. കൊല്ലങ്ങൾക്ക് മുമ്പ് മമ്മൂക്കയുമായി തുടങ്ങിയ ആത്മബന്ധവും ഊഷ്മളമായ സ്നേഹബന്ധവുമാണ് ഭാസ്കരന് ഇതിന് നിയോഗമായി തീർന്നത്. 1989ൽ തുടക്കം കുറിച്ച ഫാൻസ് അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് നീണ്ട 32 വർഷത്തിൻ്റെ പാരമ്പര്യവുമുണ്ട്. ഭാസ്കരനും അശോകനും ചേർത്ത് കെട്ടിപ്പടുത്ത മമ്മൂക്ക ഫാൻസ് അസോസിയേഷൻ്റെ വിശേഷങ്ങൾ ഇങ്ങനെ.
തിരുവനന്തപുരത്ത് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ആരംഭിക്കുന്നത് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് 1989ലാണ്. 1989 ൽ ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ റിലീസിനെത്തുന്നത് തലസ്ഥാനത്തെ സിനിമക്കാരുടെ പ്രിയപ്പെട്ട തിയ്യേറ്ററായ തിരുവനന്തപുരം 'കൃപ'യിലായിരുന്നു. എന്നാൽ, ഫാൻഫൈറ്റുകളുടെ കാര്യത്തിൽ തലസ്ഥാനത്ത് കൂടുതൽ ആരാധകരുണ്ടായിരുന്ന താരം പത്മശ്രീ ഭരത് മോഹൻലാൽ തന്നെ ആയിരുന്നു. ലാലേട്ടൻ്റെ ഓരോ സിനിമകൾ പുറത്തിറങ്ങുമ്പോഴും ലഭിക്കുന്ന ജനപിന്തുണ തന്നെയായിരുന്നു ഇതിൻ്റെ മുഖ്യഘടകം. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച തമ്പാനൂരിലെ ശ്രീകുമാർ, ശ്രീവിശാഖ് തിയേറ്ററുകൾ തന്നെയാണ് ആഘോഷങ്ങളുടെ മുഖ്യകേന്ദ്രം.
എന്നാൽ, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ തന്നെ നെടുന്തൂണായി നിന്ന ഭാസ്കരൻ ഇന്നും മമ്മൂക്കയുടെ ആരാധകർക്ക് ഹരമാണ്. ഫാൻസ് അസോസിയേഷൻ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ ഭാസ്കരേട്ടൻ മമ്മൂട്ടിയെന്ന താരത്തെ നെഞ്ചോടു ചേർത്ത് തലസ്ഥാനത്ത് ഫാൻസ് അസോസിയേഷൻ ആരംഭിക്കുന്നതിലേക്കായുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. മമ്മൂട്ടിയോടുള്ള കടുത്ത ആരാധനയും ഊഷ്മളമായ സ്നേഹബന്ധവും വളർന്നതോടെയാണ് പിന്നീട് ഔദ്യോഗികമായി ഫാൻസ് അസോസിയേഷൻ രൂപീകരണത്തിലേക്ക് വരെയെത്തുന്നത്.
ഫാൻസ് അസോസിയേഷൻ രൂപീകരിച്ച് വർഷങ്ങൾ പിന്നിട്ടപ്പോൾ തന്നെ മമ്മൂട്ടിയുടെ നിർദേശപ്രകാരം പിന്നീട് കാരുണ്യപ്രവർത്തനങ്ങൾ അടക്കം ഉൾപ്പെടുത്തി വെൽഫെയർ സംഘടനയായി പുനഃക്രമീകരിക്കുകയായിരുന്നു. എന്നാൽ, മോഹൻലാൽ ഫാൻസ് അസോസിയേഷൻ തിരുവനന്തപുരത്ത് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുമ്പോൾ അതിൻ്റെ ഉദ്ഘാടനം നിർവഹിച്ചതാകട്ടെ സാക്ഷാൽ മമ്മൂട്ടിയും. ഇത് പറയുമ്പോൾ, അനന്തപുരിയുടെ സ്വന്തം ഭാസ്കരേട്ടൻ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.
പഴയകാല സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളായ ഒരു വടക്കൻ വീരഗാഥയും, അമരവും, ഫാൻ്റവുമെല്ലാം റിലീസ് തിയതി തന്നെ തീയേറ്ററിൽ പോയി കണ്ട ഓർമ്മകളും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. ഭാസ്കരനൊപ്പം തൻ്റെ അടുത്ത സുഹൃത്തായ അശോകനും ഫാൻസ് അസോസിയേഷൻ രൂപീകരണത്തിന് ചുക്കാൻ പിടിച്ചിരുന്നു. മമ്മൂട്ടിയുടെ പഴയ പടങ്ങൾ കണ്ട് കോരിത്തരിച്ചിരുന്ന ആ സുവർണ കാലഘട്ടം ഓർത്തെടുക്കുകയാണ് വാചാലനാവുകയാണ് ഭാസ്കരൻ.
പിന്നീടൊരിക്കൽ, സൂപ്പർതാരം തിരുവനന്തപുരത്തെ വഴുതക്കാട് ടാഗോർ തിയേറ്ററിൽ എത്തിയപ്പോഴാണ് ഫാൻസ് അസോസിയേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് ഭാസ്കരൻ കൂടുതൽ വിശദീകരിച്ചത്. 'മതിലുകൾ' സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് വീണ്ടും മമ്മൂട്ടിയെ കാണാൻ ഭാസ്കരന് അവസരം ലഭിക്കുന്നത്.
മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങൾ സൂക്ഷിക്കുന്നതിൽ മാത്രമല്ല ഊഷ്മളമായ സ്നേഹബന്ധം പിന്നീട് കുടുംബബന്ധമായി വളരുകയായിരുന്നുവെന്ന് ഭാസ്കരൻ പറയുന്നു. ചിത്രങ്ങൾ സൂക്ഷിക്കുന്നതു പോലെ തന്നെ അദ്ദേഹവുമായുള്ള സൗഹൃദം മുറിഞ്ഞു പോകാതെ ദൃഡമായി തന്നെ സൂക്ഷിക്കാൻ ഭാസ്കരനും അശോകനും പരമാവധി ശ്രദ്ധിച്ചിരുന്നു.
തിരുവനന്തപുരം പഴവങ്ങാടിയിൽ ഭാസ്കരൻ ജ്യൂസ് കട ആരംഭിച്ചപ്പോൾ പോലും അത് ഉദ്ഘാടനം ചെയ്തത് സാക്ഷാൽ മമ്മൂട്ടിയായിരുന്നു. മാത്രമല്ല, 20 വർഷം മുമ്പ് ആദ്യമായി ഒരു സ്കൂട്ടർ വാങ്ങിച്ചപ്പോൾ അത് ഓടിച്ചു ഉദ്ഘാടനം ചെയ്തതും മമ്മൂക്ക തന്നെ. അത്രയധികം സ്നേഹബന്ധം മമ്മൂക്കയുമായി ഇന്നും കാത്തുസൂക്ഷിക്കുന്നതായും ഭാസ്കരൻ പറഞ്ഞുവയ്ക്കുന്നു. സന്തോഷ നിമിഷങ്ങൾ ഭാസ്കരൻ ഓർത്തെടുക്കുമ്പോൾ, തൻ്റെ വിവാഹ ദിവസം ആശംസകളർപ്പിച്ച് സൂപ്പർസ്റ്റാർ എത്തിയതും കൗതുകവും ആശ്ചര്യവും തന്നെയായിരുന്നുവെന്ന് ഭാസ്കരൻ പറയുന്നു.
മമ്മൂട്ടിയുമായുള്ള ഊഷ്മളമായ സ്നേഹബന്ധവും ആത്മബന്ധവും പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഇന്നും ഓർത്തോത്ത് ചിരിക്കാൻ നിരവധി മുഹൂർത്തങ്ങളാണ് ഭാസ്കരന് മമ്മൂക്ക നൽകിയിട്ടുള്ളത്. ഇത് ലക്ഷക്കണക്കിന് വരുന്ന ഫാൻസ് അസോസിയേഷൻ പ്രവർത്തകർക്ക് ആവേശവും സന്തോഷവും നൽകുന്നതാണെന്ന് കൃത്യമായി തന്നെ പറയാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.