ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെ. കെ ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ പരാമര്‍ശം.
ന്യൂഡല്‍ഹി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി.
ഉന്നതപദവിയിലിരുന്ന ശാസ്ത്രജ്ഞനെ വെറും സംശയത്തിന്‍റെ പേരിലാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും ഇത്തരം നടപടിയുടെ സാഹചര്യത്തിൽ മതിയായ നഷ്ടപരിഹാരം അദ്ദേഹത്തിന് നൽകണമെന്നും ചീഫ് ജസ്റ്റിസ് ദീപ് മിശ്ര അദ്ധ്യക്ഷനായുള്ള ബഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു.
ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെ. കെ ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ പരാമര്‍ശം.
എത്ര തുക, എങ്ങനെ നൽകണമെന്നുള്ള കാര്യങ്ങൾ സർക്കാരിന് തീരുമാനിക്കാം. നഷ്ടപരിഹാരം നൽകേണ്ടത് ഉദ്യോഗസ്ഥരല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. കേസിൽ പുനരന്വേഷണം ആവശ്യമാണെന്ന് സിബിഐ വാദിച്ചു. പുനരന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാകാമെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
1994 നവംബർ 30നാണ് നമ്പി നാരായണനെ സിബി മാത്യൂസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐ ചാരക്കേസ് വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശയും ചെയ്തിരുന്നു.