`ഇത് രാഷ്ട്രീയ അനീതി, പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ` പ്രതികരണവുമായി ജോസ് കെ മാണി
UDFല്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ജോസ് കെ മാണി...
കോട്ടയം: UDFല്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ജോസ് കെ മാണി...
യുഡിഎഫ് കൈക്കൊണ്ട തീരുമാനം രാഷ്ട്രീയ അനീതിയാണെന്നും ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിസന്ധികളിൽ നിന്നും സംരക്ഷിച്ച് വന്ന കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ. മാണി പറഞ്ഞു. അച്ചടക്കത്തിന്‍റെ പേരിലാണ് നടപടി എടുത്തതെങ്കിൽ ആയിരം വട്ടം അത് പി. ജെ. ജോസഫിനെതിരെ എടുക്കണമായിരുന്നു എന്നും ജോസ് കെ. മാണി പറഞ്ഞു.
കോട്ടയത്തെ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്‍റെ മാത്രം പ്രശ്നമല്ല ഇതെന്നും "ഇല്ലാത്ത ധാരണ"യുടെ പേരില്‍ രാജി വയ്ക്കണമെന്ന് പറയുന്നിടത്തെ നീതിയുടെ പ്രശ്നമാണിതെന്നും ജോസ് കെ മാണി തുറന്നടിച്ചു. ...
കരാറുകളിൽ ചിലത് ചില സമയത്ത് മാത്രം ഓര്‍മ്മപ്പെടുത്തുന്നു, പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങൾ മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചത്, എന്നാല്‍ അതിനെ ഒരു ഘട്ടത്തിലും പിജെ ജോസഫ് അംഗീകരിച്ചിരുന്നില്ല, ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫ് യോഗം ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോസഫിനെതിരെ UDF നടപടി കൈക്കൊണ്ടില്ല. നിരന്തരം അച്ചടക്കം ലംഘനം നടത്തിയിട്ടും നടപടിയില്ല. ഇപ്പോള്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട UDF ബോധപൂര്‍വ്വം നടപ്പാക്കുകയാണ് ചെയ്തിരിക്കുന്നത്, ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫിൽ നടന്നത് വൺവേ ചർച്ചയാണ്. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ് എന്നും ജോസ് കെ മാണി പറഞ്ഞു.
നാളെ രാവിലെ പത്തരയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി ചേരുമെന്നും അതിനുശേഷം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
കേരള കോണ്‍ഗ്രസിനെപ്പറ്റി പറയുമ്പോള്‍ പണ്ട് കെ എം മാണി പറഞ്ഞ ഒരു പ്രസ്താവനയുണ്ട്, ഏവരും മനസ്സില്‍ സൂക്ഷിക്കുന്ന ഒന്ന്... "വളരുന്തോറും പിളരു൦ പിളരുന്തോറും വളരു൦... അതാണ് കേരള കോണ്‍ഗ്രസ്...." എന്നത്. പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായ കെ എം മാണിയുടെ നിര്യാണത്തോടെ പാര്‍ട്ടി പിളരുകയും യുഡിഎഫിൽ നിന്ന് ഔദ്യോഗികമായി പുറ ത്താക്കപ്പെട്ടിരിയ്ക്കുകയുമാണ്. ജോസ് കെ മാണിയുടെ അടുത്ത നീക്കം എന്താണ് എന്നാണ് ഇപ്പോള്‍ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്....