കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തെ ഇനി ആര് നയിക്കും എന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിൽ രാവിലെ 8 മണിയ്ക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും. രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുgത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. (ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇ.ടി പി.ബി.എസ്. വോട്ടുകളിലെ ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍.


ALSO READ: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലിനൊപ്പം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്!


ആകെ 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടര്‍ന്ന് പതിനഞ്ചു മുതല്‍ 28 വരെയും. ഇത്തരത്തില്‍ 13 റൗണ്ടുകളായി വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് റാൻഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ചു വി.വി. പാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ ഒന്നാം നമ്ബര്‍ ടേബിളില്‍ എണ്ണും.


ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിങ് സൂപ്പര്‍ വൈസര്‍, രണ്ടു കൗണ്ടിങ്ങ് സ്റ്റാഫ് എന്നിവര്‍ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്സര്‍വര്‍മാരെ കൂടി നിയോഗിച്ചിട്ടുണ്ട്. 14 ടേബിളുകളിലായി ആകെ 44 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.


80 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യാൻ അവസരമൊരുക്കിയതിലൂടെ 2491 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വോട്ടുകള്‍ അഞ്ചു മേശകളിലായാണ് എണ്ണുക. സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. ബാലറ്റുകള്‍ 138 എണ്ണമാണ് വിതരണം ചെയ്തിട്ടുള്ളത്. ഇവ മറ്റൊരു മേശയിലും എണ്ണും. ഈ ആറുമേശയിലും ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു ഡെസിഗ്നേറ്റഡ് അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍, ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, രണ്ടു കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിങ്ങനെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആറു ടേബിളുകളിലുമായി 30 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.


ആകെ 20 മേശകളിലായി 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ 72.86 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.