തിരുവനന്തപുരം: അക്രമം കൊണ്ട് ബിജെപിയെ ഇല്ലാതാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ. സോളാറിൽ ഉമ്മൻചാണ്ടിക്കെതിരായ നടപടി വൈകുന്നത് ഒത്ത് തീർപ്പിന്‍റെ ഭാഗമാണോയെന്നും ഷാ ചോദിച്ചു. കുമ്മനത്തിന്‍റെ ജനരക്ഷായാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു പിണറായിക്കെതിരായ അമിത്ഷായുടെ വിമർശനം.


പിണറായിയെ കടന്നാക്രമിച്ചായിരുന്നു അമിത്ഷായുടെ പ്രസംഗം. പിണറായി അധികാരത്തിൽ വന്നശേഷം 13 ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതിന്‍റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണം. വികസനത്തിന്‍റെ കാര്യത്തിൽ പിണറായിയുമായി തുറന്ന ചർച്ചക്ക് തയ്യാറാണ്. ജനരക്ഷായാത്രയുടെ വിജയം കണ്ട് പിണറായി പേടിച്ചെന്നും ഷാ പരിഹസിച്ചു. സോളാർ വലിയ ചർച്ചയാകുമ്പോൾ തുടർനടപടി വൈകുന്നതിനെ കുറിച്ചുള്ള ഷായുടെ വിമർശനത്തിന് ഏറെ പ്രധാന്യമുണ്ട്. കോൺഗ്രസ് അഴിമതി കൊണ്ട് ഇല്ലാതായത് പോലെ സിപിഎം അക്രമം കൊണ്ട് ഇല്ലതാകുമെന്നും അമിത്ഷാ പറഞ്ഞു. നേരത്തെ പാളയം മുതൽ പുത്തരിക്കണ്ടം വരെ ഷാ കുമ്മനമുടക്കമുള്ള നേതാക്കൾക്കൊപ്പം യാത്രയിൽ പങ്കെടുത്തു.