Jimmy George Swimming Pool: നവീകരണം പൂർത്തിയാക്കി `ജിമ്മി ജോര്‍ജ്ജ് സ്വിമ്മിങ് പൂള്‍` തുറന്നു; പരിശീലനത്തിനും വ്യായാമത്തിനും അവസരം
Jimmy George Swimming Pool: ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8.15 മുതല്‍ 9.15വരെ സ്ത്രീകള്‍ക്ക് മാത്രമായുള്ള പരിശീലന സൗകര്യവും ലഭ്യമാണ്.
തിരുവനന്തപുരം: വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായുള്ള സ്വിമ്മിങ് പൂള്‍ നവീകരണത്തിന് ശേഷം തുറന്നു. നീന്തല്‍ പരിശീലനവും വ്യായാമത്തിനുള്ള സൗകര്യവും പുനരാരംഭിച്ചു. രാവിലെ ആറ് മുതല്‍ 9.15വരെയും വൈകിട്ട് 3.45 മുതല്‍ 7.15വരെയുമാണ് പ്രവര്‍ത്തന സമയം. വൈകിട്ട് 6.15 മുതല്‍ 7.15വരെയുള്ള സമയമൊഴിച്ച് മുഴുവന്‍ സമയങ്ങളിലും പരിശീലനത്തിന് സൗകര്യമുണ്ടായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8.15 മുതല്‍ 9.15വരെ സ്ത്രീകള്‍ക്ക് മാത്രമായുള്ള പരിശീലന സൗകര്യവും ലഭ്യമാണ്.
ദേശീയ തലത്തില്‍ മെഡല്‍ നേടിയ അംഗീകൃത പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം. പുരുഷ വനിതാ പരിശീലകരുടേയും ലൈഫ് ഗാര്‍ഡുകളുടെയും സേവനവും ലഭ്യമാണ്. കുറഞ്ഞത് 140 സെന്റീ മീറ്ററെങ്കിലും ഉയരമുള്ള കുട്ടികള്‍ക്കാണ് പരിശീനത്തിന് സൗകര്യമുള്ളത്. പൂളിലെത്തുന്നവര്‍ക്ക് ശുചിത്വം ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂളിലെ വെള്ളം 24 മണിക്കൂറും തുടര്‍ച്ചയായി ഫില്‍ട്ടര്‍ ചെയ്യുന്നതിനും വെള്ളത്തിന്റെ പിഎച്ച് മൂല്യം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും സൗകര്യമുണ്ട്.
ALSO READ: ഒരു നീന്തൽക്കുളം നന്നാക്കാനാവാത്തവരാണോ നാട് നന്നാക്കുക?
അവധി ദിവസമായ തിങ്കളാഴ്ച പൂളും പരിസരവും ശുചീകരിക്കാനുള്ള സംവിധാനവുമുണ്ട്. കോവിഡിന് ശേഷം തുറന്നു പ്രവര്‍ത്തിച്ചിരുന്ന പൂള്‍ വാര്‍ഷിക നവീകരണത്തിന്റെ ഭാഗമായാണ് വീണ്ടും അടച്ചിട്ടത്. 1962ലാണ് സ്വിമ്മിങ് പൂള്‍ ആരംഭിച്ചത്. ജില്ലയിലെ തന്നെ ആദ്യ സ്വിമ്മിങ് പൂളുകളില്‍ ഒന്നാണിത്. 2015ല്‍ മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി പൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയിരുന്നു. നവീകരണത്തിന് ശേഷം അന്താരാഷ്ട്ര സ്വിമ്മിങ് ഫെഡറേഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് 50 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള പൂളാണ് നിര്‍മിച്ചത്. വസ്ത്രം മാറുന്നതിനുള്ള സൗകര്യവും ശുചിമുറികളും പൂളിനോട് ചേര്‍ന്ന് തന്നെ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...