തിരുവനന്തപുരം:ജിഷയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ആലുവ റൂറൽ എസ്.പി യതീഷ് ചന്ദ്ര മാധ്യമ പ്രവർത്തകരോട് പറഞ്ഞു.അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ട്. കുറ്റവാളികളെ ഉടന്‍ പിടികൂടും. ഇന്ന് വൈകുന്നേരത്തോടെ നല്ല വാര്‍ത്ത കേള്‍ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘത്തില്‍ ആഭ്യന്തര വകുപ്പ് മാറ്റം വരുത്തി. എറണാകുളം റേഞ്ച് ഐ.ജി മഹിപാല്‍ യാദവിനാണ് അന്വേഷണച്ചുമതല. ഇന്‍റലിജന്‍സ് ഡിവൈ.എസ്.പി ബിജോ അലക്സാണ്ടര്‍, കോഴിക്കോട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സദാനന്ദന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.പെരുമ്പാവൂര്‍ ഡിവൈ.എസ്.പി അനില്‍കുമാറിനെ ഒഴിവാക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.ബി. ജിജിമോനെ സംഘത്തില്‍ ഉള്‍പ്പെടുത്തി. യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ മൂന്ന് ഡിവൈ.എസ്.പി, അഞ്ച് സി.ഐ, ഏഴ് എസ്.ഐ എന്നിവരടങ്ങുന്ന 28 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്.



ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡി.ജി.പി ടി.പി.സെൻകുമാർ വ്യക്തമാക്കി . കേസ് അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് ജിഷയുടെ കൊലക്കേസ് അന്വേഷിക്കുന്നതെന്നും ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.ചില അന്വേഷണങ്ങള്‍ക്ക് സമയം എടുക്കുന്നത് സ്വഭാവികം. എല്ലാ വശവും പരിശോധിക്കേണ്ടതുണ്ട്. സംശയത്തിന്റെ പേരില്‍ ആരേയും അറസ്റ്റ് ചെയ്യില്ല- അദ്ദേഹം പറഞ്ഞു.