കൊച്ചി: ജിഷ വധക്കേസില്‍ പ്രതിയെന്ന് പൊലീസ് സംശയിക്കുന്നവരുടെ ഡി.എന്‍.എ പരിശോധനഫലം ഇന്ന് ലഭിക്കും. നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ഒരു ബംഗാളി യുവാവടക്കം ആറുപേരാണുള്ളത്  ഇവരുടെ ഉമിനീരും മറ്റുമാണ് പരിശോധനക്കയച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് ഡി.എന്‍.എ പരിശോധന.ഡി.എന്‍.എ പരിശോധനഫലം ബുധനാഴ്ച ലഭിക്കുമെന്ന് എ.ഡി.ജി.പി കെ. പത്മകുമാറും രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി അധികൃതരും വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡി.എന്‍.എ പരിശോധനഫലം കസ്റ്റഡിയിലുള്ള ബംഗാളി യുവാവിന്റെ ഡി.എന്‍.എയുമായി പൊരുത്തപ്പെട്ടാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. മറിച്ചാണെങ്കില്‍ തുടര്‍ന്ന് ചോദ്യംചെയ്യുന്നവരുടെ ഉമിനീരും മറ്റും ഡി.എന്‍.എ പരിശോധനക്ക് അയക്കാനാണ് തീരുമാനമെന്ന് ആലുവ റൂറല്‍ എസ്.പി. യതീഷ്ചന്ദ്ര അറിയിച്ചു. നേരത്തേ മൂന്നുപേരുടെ ഡി.എന്‍.എ പൊരുത്തപ്പെട്ടിരുന്നില്ല.


അതേസമയം, തന്റെ മൊബൈല്‍ ഫോണില്‍നിന്ന് ജിഷ വിളിച്ചവരുടെ പട്ടിക പൊലീസ് ഇന്നലെ വീണ്ടും പരിശോധിച്ചു. ജിഷയുടെ ഡയറിയും വീണ്ടും പരിശോധിച്ചു. തന്നെ ചിലര്‍ കൊല്ലാന്‍ വന്നെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നുമുള്ള പരാമര്‍ശങ്ങളും ചില പേരുകളും ഡയറിയില്‍ ഉണ്ടായിരുന്നു. ഈ ആളുകളിലേക്കും അന്വേഷണം നീളും. ഇതു പക്ഷേ, പ്രതീക്ഷിക്കുന്ന ഡി.എന്‍.എ പരിശോധനഫലത്തെ ആശ്രയിച്ചിരിക്കും.ജിഷയുടെ വീട് നില്‍ക്കുന്ന പ്രദേശത്തെ ചുറ്റുപാടുമുള്ളവരുടെ വിരലടയാളം പൊലീസ് പരിശോധനക്കായി ശേഖരിച്ചിരുന്നു. വിരലടയാളം നല്‍കാതെയും വോട്ടുചെയ്യാതെയും മുങ്ങിയവരുണ്ടോ എന്നും അന്വേഷിക്കും. രായമംഗലം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലുള്ളവരുടെ വിരലടയാളമാണ് ശേഖരിച്ചത്.


എ.ഡി.ജി.പിയുടെ സാന്നിധ്യത്തില്‍ ആലുവയില്‍ അന്വേഷണപുരോഗതി വിലയിരുത്തി. റൂറല്‍ എസ്.പി, അന്വേഷണം ഏകോപിപ്പിക്കുന്ന ഡിവൈ.എസ്.പി ജിജിമോന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ബംഗാളിലേക്ക് ടീം പോയിട്ടുണ്ടെന്ന് പൊലീസ് ആവര്‍ത്തിച്ചു. അന്വേഷിച്ചുപോയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും ടീം ബംഗാളില്‍ തന്നെയാണെന്നും പൊലീസ് പറഞ്ഞു.