പാലക്കാട്: പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന പോലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി ഫോറന്‍സിക് ലാബിനെ സമീപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോളേജിലെ വൈസ് പ്രിന്‍സിപ്പലിന്‍റെ മുറിയിലും ജിഷ്ണു ആത്മഹത്യ ചെയ്ത ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിലും രക്തക്കറ കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസിന്‍റെ പുതിയ നീക്കം.


ജിഷ്ണുവിന്‍റെ രക്തമാണോ ഇതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലാബിലെ പരിശോധനയില്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. രക്തക്കറ ജിഷ്ണുവിന്റേതാണെങ്കില്‍ കേസില്‍ അത് നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.


ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജില്‍ കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥരും സൈന്റിഫിക് ഓഫീസറും നടത്തിയ  പരിശോധനയിലാണ് വൈസ് പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ കണ്ടെത്തിയ സംശയകരമായ പാട് രക്തക്കറയാണെന്ന് സ്ഥിരീകരിച്ചത്.


കഴിഞ്ഞ ജനുവരി ആറിനാണ്, ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി നാദാപുരം കിണറുള്ള പറമ്പത്ത് വീട്ടില്‍ അശോകന്റെ മകന്‍ ജിഷ്ണു(19)വിനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്നും കോളേജ് അധികൃതരുടെ ക്രൂരമായ പീഡനങ്ങളാണ് അത്മഹത്യയിലേക്കു നയിച്ചതെന്നും ആരോപിച്ച് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.