തിരുവനന്തപുരം:  വടക്കാഞ്ചേരി ബസ്സപകടത്തിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ നിരത്തുകളിലെ പരിശോധനകൾ ചർച്ചയാകുമ്പോൾ ജോയിൻ്റ് ട്രാൻസ്പ്പോർട്ട് കമ്മീഷണറുടെ ഒഴിവ് നികത്താൻ സർക്കാർ നടപടിയെടുക്കുന്നില്ല. രാജീവ് പുത്തലത്തിൻ്റെ കാലാവധി അവസാനിച്ച് രണ്ടരക്കൊല്ലം പിന്നിടുമ്പോഴും നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. കർണാടക, തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ആറോളം ജോയിൻ്റ് കമ്മീഷണർമാർ ഉള്ളപ്പോഴാണ് കേരളത്തിൽ തസ്തിക ഒഴിഞ്ഞു കിടക്കുന്നത്. എൻഫോഴ്സ്മെൻ്റ് ചുമതലയുള്ളവർ തന്നെ ഒന്നിലധികം ജോലികൾ ചെയ്യേണ്ടി വരുന്നതും കൃത്യമായ മേൽനോട്ടത്തിനും ഏകോപനത്തിനും ഉന്നത ഉദ്യോഗസ്ഥരില്ലാത്തതും നിയമലംഘനങ്ങൾ തുടർക്കഥയാകുന്നതിന് കാരണമാകുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടര വർഷം മുമ്പാണ് രാജീവ് പുത്തലത്ത് ജോയിൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണർ സ്ഥാനത്തു നിന്ന് വിരമിക്കുന്നത്. അതിന് ശേഷം ഈ ചുമതലയിലേക്ക് മറ്റാരെയും സർക്കാർ നിയോഗിച്ചിട്ടില്ല. വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ചുമതലയിൽ എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥനില്ലാത്തത് കൃത്യസമയത്ത് പരിശോധനകൾ നടത്തി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പോലും തടസ്സമാകുന്നുണ്ട്.


ALSO READ: മോട്ടോർ വാഹന വകുപ്പിൽ ജോലിക്ക് ആളില്ല; സെക്ഷൻ ക്ലർക്കുമാർ വെറുതെ,പരിശോധന പേരിന്,ഉദ്യോഗസ്ഥരിൽ കെടുകാര്യസ്ഥത


കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ആറോളം ജോയിൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണർമാരാണുള്ളത്. വിവിധ മേഖലകൾ തിരിച്ച് ഇത്തരം ഉദ്യോഗസ്ഥർക്ക് നിർവഹിക്കേണ്ട ചുമതലകൾ നൽകിയിട്ടുള്ളതിനാൽ, കൃത്യസമയത്ത് പരിശോധനകൾ നടത്താനും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴയീടാക്കി അത് ബന്ധപ്പെട്ട സംവിധാനങ്ങളിൽ അറിയിക്കാനും കഴിയുന്നുണ്ട്. അതേസമയം, കേരളത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുകൾതട്ടിൽ ജെടിഒ ഇല്ലാത്തത് പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.


കേരളത്തിൽ 602 - 605 വരെയുള്ള അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും 290 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുമാണുള്ളത്. മോട്ടോർ വാഹന വകുപ്പിലെ എംവിഐ പ്രമോഷനിലൂടെ ജോയിൻ്റ് ആർടിഒമാരായി വന്നവർ 80 ഓളം ഉദ്യോഗസ്‌ഥർ. പൊതുനിരത്തുകളിലെ ട്രാഫിക് നിയമലംഘന പരിശോധനകൾക്കായി ഈ ഉദ്യോഗസ്ഥർ പോകുമ്പോൾ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് ആസ്ഥാനത്തെ ഒരു സൂപ്രണ്ടും മൂന്ന് ക്ലാർക്കുമാരും മാത്രമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ളത്. 14 ജില്ലകളിൽ നിന്നുള്ള പരിശോധനകളും തുടർനടപടികളും നിരീക്ഷിക്കാനും ഉദ്യോഗസ്ഥർക്ക് സമയം കിട്ടാറില്ല. തുടർനിർദ്ദേശങ്ങൾ നൽകി പരിശോധനകൾ വ്യാപിപ്പിക്കേണ്ടയിടങ്ങളിൽ കാര്യക്ഷമമാക്കാനും കഴിയാറില്ല. ഇതും വലിയ വെല്ലുവിളിയാണ്.


അതേസമയം, 16 ഉദ്യോഗസ്ഥർ വിവിധ ചുമതലകൾ നിർവഹിക്കുന്ന ഗതാഗത കമ്മീഷണറുടെ ആസ്ഥാനത്ത് കമ്മീഷണർക്ക് പുറമേ ഒരു അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറും രണ്ട് ജോയിൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണറുമുണ്ടെന്ന് വെബ്സൈറ്റും സാക്ഷ്യപ്പെടുത്തുന്നു. എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾക്കായി ജോയിൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണറും സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്കായി ഒരു ജോയിൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണറുമാണ് ഗതാഗതവകുപ്പിനുള്ളത്. പക്ഷേ, ഈ ചുമതലകളിലൊന്നും ഉദ്യോഗസ്ഥരില്ലെന്നുള്ളതാണ് വാസ്തവം. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ നിർവഹിക്കേണ്ട ചുമതലകൾ സംബന്ധിച്ചും ചില നിബന്ധനകളുണ്ട്. അതിനാൽ തന്നെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഉടനടി ജോയിൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ തസ്തിക നികത്തണമെന്നുള്ള ആവശ്യമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പോലും ഉയരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.