Joju George : ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് എംവിഡി; നടൻ ഉടൻ ഹാജരായേക്കുമെന്ന് സൂചന
കാരണം കാണിക്കൽ നോട്ടീസ് നൽകി ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇടുക്കി: തേയിലക്കാടുകൾക്കിടിയിലൂടെ ഓഫ് റോഡ് റേസിങ്ങ് നടത്തിയ കേസിൽ നടൻ ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് എംവിഡി. എന്നാൽ അടുത്ത ദിവസം തന്നെ ജോജു ജോർജ് ആർടിഒയ്ക്ക് മുന്നിൽ ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോട്ടീസ് അയച്ചിട്ടും ജോജു ജോർജ് ആർടിഒയ്ക്ക് മുന്നിൽ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നത്.
കാരണം കാണിക്കൽ നോട്ടീസ് നൽകി ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെയ് 10ാം തിയതിയാണ് വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് നടന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയത്. ലൈസൻസും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
നോട്ടീസ് ലഭിച്ചതിന് പിന്നാലെ ചൊവ്വാഴ്ച മെയ് 17 ന് ഹാജരാകാമെന്ന് ഫോണിൽ അറിയിച്ചെങ്കിലും ഹാജരായിരുന്നില്ല. കൂടാതെ എപ്പോൾ ഹാജരാകാൻ സാധിക്കുമെന്ന വിവരം അറിയിക്കുകയും ചെയ്തിരുന്നില്ല. കൂടാതെ ഇടുക്കിയില്‍ ഓഫ് റോഡ് റേസ് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഒരാളുടെ ലൈസൻസ് റദ്ദാക്കും മുൻപ് അവർക്ക് പറയാനുള്ളത് കേൾക്കണമെന്നാണ് നിയമം. അതിനാണ് ജോജു ജോർജിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
പരിപാടി സംഘടിപ്പിച്ച നടൻ ബിനു പപ്പുവിനും ആർടിഒ നോട്ടീസ് നൽകിയിരുന്നു. ബിനു പപ്പുവും ഹാജരാകാത്തതിനെ തുടർന്നാണ് ആർടിഒ തുടർ നടപടികളിലേക്ക് കടക്കാനൊരുങ്ങുന്നത്. ലൈസൻസ് ആറ് മാസം വരെ റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ജില്ല കലക്ടറും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പേർ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തു. ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ 17 പേർക്കാണ് ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. കെഎസ് യു ഇടുക്കി ജില്ല പ്രസിഡൻറ് ടോണി തോമസാണ് തേയിലക്കാടുകൾക്കിടിയിലൂടെ ഓഫ് റോഡ് റേസിങ്ങ് നടത്തിയതിന് ജോജുവിനെതിരെ പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...