പുതിയ കാലത്തെ ഒരു പാട്ടും ഹിറ്റാകുന്നില്ലെന്ന് കവിയും ഗാനരചയിതാവുമായ കെ ജയകുമാർ ഐഎഎസ്. സൂപ്പർഹിറ്റെന്നും ഹൈപ്പർ ഹിറ്റെന്നും എഫ് എം റേഡിയോകൾ ആഘോഷിക്കുന്ന പാട്ടുകൾക്കൊക്കെ ഒരാഴ്ചയാണ് പരമാവധി ആയുസ്സ്. മലയാളം പാട്ടുകേട്ടാൽ ഏതുഭാഷയാണെന്ന് കാതോർക്കേണ്ട സ്ഥിതിയായി. ഇത് ഭാഷയോട് ചെയ്യുന്ന വലിയ ക്രൂരതയാണ്. അതേസമയം ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്നും അദ്ദേഹം സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാട്ടെഴുത്തുകാരനായല്ല, കവിയായി അറിയപ്പെടാനാണ് തനിക്ക് ഇഷ്ടം. നിർഭാ​ഗ്യവശാൽ പാട്ടുകൾക്ക് പ്രശസ്തി കൂടുതലാണെന്നും കെ ജയകുമാർ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചില വാക്കുകൾ ചില ഗായകരുടെ ശബ്ദത്തിൽ കേട്ടാൽ ആളുകൾ സ്വീകരിക്കില്ലെന്നാണ് സംവിധായകൻെറ ഭയം. അതുകൊണ്ട് പാട്ടിന് ഇണങ്ങുന്ന സാധാരണ വാക്കുകൾ പോലും മാറ്റേണ്ടിവന്നിട്ടുണ്ട്. പുതിയ കാലത്തെ സംവിധായകർക്ക് സാഹിത്യബന്ധമില്ലാത്തതും പാട്ടുകളെ ബാധിക്കുന്നുണ്ട്. മികച്ച നോവലുകൾ ഇപ്പോൾ സിനിമയാകാറില്ലെന്നും കെ ജയകുമാർ ചൂണ്ടിക്കാട്ടുന്നു. ഒഴിവുകാലത്തിലെ 'സായന്തനം നിഴൽ വീശിയില്ല', ഒരു വടക്കൻ വീരഗാഥയിലെ 'ചന്ദനലേപസുഗന്ധം', പക്ഷേയിലെ 'സൂര്യാംശുവോരോ' , നീലക്കടമ്പിലെ 'കുടജാദ്രിയിൽ', കിഴക്കുണരും പക്ഷിയിലെ 'സൗപർണികാമൃത'തുടങ്ങി പ്രിയപ്പെട്ട പാട്ടുകളേറെയാണ്.


മുക്കൂട്ടുകടയിൽ കയറിയതുപോലെയെന്ന് എംടി 


ചന്ദനലേപസുഗന്ധം എന്ന ഗാനം രചിക്കുന്നതിനിടെ സംവിധായകൻ ഹരിഹരനും തിരക്കഥാകൃത്ത് എം ടി വാസുദേവൻ നായർക്കുമൊപ്പമുണ്ടായ  അനുഭവങ്ങൾ രസകരമാണ്. ചന്ദനലേപസുഗന്ധം എന്ന വാക്കിലെ ലേപം എന്ന പ്രയോഗത്തിൽ എം ടി സംശയം പറഞ്ഞു. മുക്കൂട്ടുകടയിൽ കയറിയതുപോലെയുണ്ടാവുമോ എന്നായിരുന്നു അദ്ദേഹത്തിൻെറ സംശയം. അദ്ദേഹത്തിൻെറ സൂക്ഷ്മതയാണത്. തൊട്ടടുത്തു ചന്ദനം ഉളളതുകൊണ്ട് പ്രശ്നമില്ലെന്ന് താനും വിശദീകരിച്ചു. പല്ലവി അംഗീകരിക്കപ്പെട്ടെങ്കിലും ബാക്കി വരികൾ പലതവണ മാറ്റിയെഴുതേണ്ടി വന്നു. വർഷങ്ങൾക്കു ശേഷവും ഈ പാട്ട് കേൾക്കുമ്പോൾ തൻെറ പേരുപറയുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.


വടക്കൻ വീരഗാഥയിലെ മറ്റു പാട്ടുകളും എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അന്ന് കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന തനിക്ക് തിരക്കുണ്ടായിരുന്നു. പാട്ടെഴുത്തിൻെറ പേരിൽ ജോലിയിൽ വീഴ്ച വരുത്തിയെന്ന് കേൾക്കാൻ ആഗ്രക്കാത്തതിനാൽ താൻ തന്നെയാണ് കൈതപ്രത്തെ വിളിക്കാൻ നിർദ്ദേശിച്ചതെന്നും കെ ജയകുമാർ പറഞ്ഞു.


നായകൻ സ്കൂളിൽ പോയിട്ടില്ല, എൻെറ സിനിമയിൽ മൃഗങ്ങളില്ല സാർ


അടുത്തിടെ പാട്ടെഴുതാൻ തന്നെ സമീപിച്ച ഒരു സിനിമ വേണ്ടെന്ന്  വച്ച കഥ വിവരിക്കുകയാണ് കെ ജയകുമാർ. പാട്ടെഴുതി കൊടുത്തപ്പോൾ സംവിധായകന് അതൃപ്തി. തൻെറ സിനിമയിലെ നായകൻ സ്കൂളിൽ പോയിട്ടുളള ആളല്ല. അയാൾ പാടുന്ന പാട്ടിന് ഇത്ര സാഹിത്യഭംഗിയും സംസ്കൃത പദങ്ങളും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിൻെറ അഭിപ്രായം. ഒടുവിൽ ആ സിനിമ ഉപേക്ഷിച്ചു. മറ്റാരെയെങ്കിലും സമീപിക്കാൻ നിർദ്ദേശിച്ചു. മറ്റൊരു സിനിമയ്ക്ക്, എഴുതിക്കൊടുത്ത പാട്ടുമായി പോയ സംവിധായകൻ ആശങ്കയോടെ വീണ്ടും സമീപിച്ചു. പാട്ടിൽ മൃഗതൃഷ്ണ എന്നൊരു വാക്കു കാണുന്നു, പക്ഷെ തൻെറ സിനിമയിൽ മൃഗങ്ങളില്ലെന്നായിരുന്നു അദ്ദേഹത്തിൻെറ പരാതി. മൃഗതൃഷ്ണ എന്ന വാക്കിൻെറ അർത്ഥം വിശദീകരിച്ചപ്പോഴാണ് അദ്ദേഹത്തിന് സമാധാനമായത്.


രവീന്ദ്രനോ ജോൺസനോ മികച്ചത്?


രവീന്ദ്രനും ജോൺസണും അതുല്യപ്രതിഭകളാണ്. ഇരുവരെയും താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷെ ഇരുവർക്കുമൊപ്പം പ്രവർത്തിച്ചയാൾ
എന്ന നിലയ്ക്ക് തനിക്ക് അത് സാധിക്കുമെന്ന് കെ ജയകുമാർ പറഞ്ഞു. "രവീന്ദ്രൻ ഇളകിമറിയുന്ന കടലാണെങ്കിൽ ജോൺസൺ താളം കൊണ്ട് ചെറിയ ആന്ദോളനങ്ങൾ മാത്രം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന ജലാശയമാണ്. എനിക്ക് ജലാശയത്തിൻെറ അടുത്തിരിക്കാനാണ് പലപ്പോഴും ഇഷ്ടം. അതേസമയം രവീന്ദ്രന് അദ്ഭുതപ്പെടുത്താനുളള കഴിവുണ്ട്. നമ്മൾ വിചാരിക്കാത്ത തലത്തിൽ രവീന്ദ്രൻ പാട്ടിനെ കൊണ്ടെത്തിക്കും. ജോൺസൺ ദേവരാജൻ മാസ്റ്ററുടെ സ്കൂളിൽപ്പെട്ടയാളായതുകൊണ്ട് എഴുതിക്കൊടുക്കുന്ന വരികളിലെ സംഗീതത്തെ അരിച്ചെടുത്ത് പൊലിപ്പിക്കും.പക്ഷെയിലെ സൂര്യാംശുവോരോ വയൽപ്പൂവിലും എഴുതിയ ശേഷം ട്യൂണിട്ടതാണ്. വരികൾ ജോൺസൺ പലതവണ വായിക്കും. വരികൾക്കാണ് അദ്ദേഹം പ്രാധാന്യം നൽകുക"


"പാട്ടിൻെറ ഭാവവും ലയവും ഉൾക്കൊണ്ടാൽ രചന സാധാരണ ഗതിയിൽ സംഭവിക്കുകയാണ് പതിവ്. അതേസമയം ബുദ്ധികൊണ്ട് എഴുതിയ പാട്ടുകളുണ്ട്. ബട്ടർഫ്ലൈസിലെ വാ വാ മനോരഞ്ജിനി എന്ന ഗാനം അത്തരത്തിലൊന്നാണ്. സുരാംഗനേ എന്നാണ് ഞാൻ എഴുതിക്കൊടുത്തത്. സുരാംഗനീ എന്ന് തിരുത്തിയത് രവീന്ദ്രനാണ്. അതിന് ഞാൻ കുറേ കെറുവിച്ചു നടന്നു. പിന്നെ രവീന്ദ്രനല്ലേ എന്നു വിചാരിച്ച് വിട്ടുകളഞ്ഞു. എന്നിൽ നിന്ന് ഇങ്ങനെയൊരു രചന ജനങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് രവീന്ദ്രനോടു പറ‍ഞ്ഞപ്പോൾ പാട്ടെഴുത്തുകാരൻ എല്ലാത്തരം പാട്ടും എഴുതണമെന്നായിരുന്നു മറുപടി. വയലാർ പാപ്പീ അപ്പച്ചാ എഴുതിയില്ലേ എന്നൊരു മറുചോദ്യവും. പിന്നെ എന്നെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി കുറച്ചുവരികൾ കോന്നിയൂർ ഭാസിനെക്കൊണ്ട് മാറ്റിച്ചു. നളചരിതം കഥയിൽ ദമയന്തി എന്നൊക്കെ എഴുതിയത് കോന്നിയൂർ ഭാസാണ്. ബാക്കി വരികൾ എൻേറതാണ്" - കെ ജയകുമാർ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.